മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറ്റങ്ങള്‍ നിരത്തി സിബിഐ ഹൈക്കോടതിയില്‍.

ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറ്റങ്ങള്‍ നിരത്തി സിബിഐ ഹൈക്കോടതിയില്‍. പിണറായി ഉള്‍പ്പെടെ ഏഴു പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജ്ജി നല്‍കിയത്. മന്ത്രിസഭയില്‍ നിന്ന് യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചു. ലാവ് ലിന്‍ പ്രതിനിധികളുമായി ഗൂഡാലോചന നടത്തിയെന്നും സിബിഐ കുറ്റപ്പെടുത്തി.

വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ് ലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് സിബിഐ കണ്ടെത്തിയിരുന്നു.

ലാവ്ലിന്‍ ഇടപാടില്‍ 347 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായതായും ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി ലാവ്ലിന് കരാര്‍ നല്‍കിയത് ദുരുദ്ദേശപരമാണെന്നും സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.

അതേസമയം പിണറായിക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ ഹൈക്കോടതിയില്‍ ഹാജരാകും. ഈ മാസം 17നായിരിക്കും സാല്‍വേ കോടതിയില്‍ ഹാജരാകുക.