ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണ് ജേക്കബ്ബ് തോമസ്. ജേക്കബ്ബ് തോമസ് മാറണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. ഔദ്യോഗിക പദവിയിലിരിക്കെ ഭൂമിയിടപാട് നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാവില്ല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് അഴിമതി നടത്തിയെങ്കില്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജേക്കബ്ബ് തോമസ് ദീര്‍ഘകാലം അവധിയിലായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യകമ്പനിയുടെ പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കും. ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ്ബ് തോമസും ബാധ്യസ്ഥനാണ്. അഴിമതിക്കാര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.