കൊച്ചിന്‍ മെട്രോ നാടിനു സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ കേരളത്തിന് സമര്‍പ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.

മെട്രോയുടെ കന്നിയാത്ര പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നാട മുറിച്ചാണ് പ്രധനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഇ.ശ്രീധരന്‍ എന്നിവർ  പങ്കെടുത്തു.  പാലാരിവട്ടത്തു നിന്നും പത്തടിപ്പാലം വരെ മെട്രോയില്‍ പ്രധാനമന്ത്രി യാത്ര നടത്തി.

കൊച്ചി മെട്രോ സമര്‍പ്പണത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്. രാവിലെ 10.15ന് ദല്‍ഹിയില്‍  നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു.

എം പി മാരായ പ്രൊഫ.കെ.വി.തോമസ് സുരേഷ് ഗോപി  , എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ പ്രോട്ടോക്കോള്‍ പ്രകാരം സ്വീകരിച്ചു.

ബി ജെ പി യുടെ ഭാഗത്ത് നിന്ന് സംസ്ഥാന  അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.