ഡോക്‌ലാം ഭാവിയിലും ആവര്‍ത്തിച്ചേക്കുമെന്ന്‌ കരസേനാ മേധാവി

ഡോക്‌ലാം വിഷയത്തില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രശ്‌നപരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ല. അതിര്‍ത്തിയിലെ നിലവിലെ അവസ്ഥ മാറ്റാനാണ് ചൈനയുടെ ശ്രമം. ഇത് ഭാവിയില്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് തന്നെയാണ് നയിക്കുകയെന്നും ബിപിന്‍ റാവത്ത് ഓര്‍മിപ്പിച്ചു.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ചേര്‍ന്ന് പരസ്പര ധാരണ പ്രകാരമുള്ള മാര്‍ഗം കണ്ടെത്തണം. നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് കൃത്യമായ ചര്‍ച്ച ഇരു രാജ്യങ്ങളും നടത്തണം. അല്ലെങ്കില്‍ ഡോക്‌ലാം പോലുള്ള സംഭവങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ലെന്നും റാവത്ത് പറഞ്ഞു.

ചൈനയുമായി നടന്ന ഫ്‌ളാഗ് മീറ്റിങ്ങില്‍  പഴയ അവസ്ഥയിലേക്ക് തിരിച്ച് പോവാമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ട് വെച്ചതാണ്. പക്ഷെ അതിന് നമുക്ക് കൃത്യമായ ഒരു പരിഹാരമാര്‍ഗം ലഭിക്കേണ്ടതുണ്ട്. പക്ഷെ അതിലേക്ക് എത്തിച്ചേരാന്‍ ചൈനയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. റാവത്ത് പറഞ്ഞു.