ലോക ബാഡ്മിന്റണില്‍ സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാന്‍ ഇറങ്ങിയ  പി.വി.സിന്ധു വനിതാ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹരയോടാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. ആദ്യ ഗെയിം കൈവിട്ടശേഷം രണ്ടാം ഗെയിമില്‍ ഉജ്വലമായി തിരിച്ചുവന്നെങ്കിലും അവസാന ഗെയിമില്‍ അടിപതറി. സ്‌കോര്‍: 19-21, 22-20, 20-22.

ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരിയായ ഒകുഹരയുടെ ആദ്യ ലോക കിരീടമാണിത്. സിന്ധു വെള്ളി നേടിയ റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു ഈ ജാപ്പനീസ് താരം. ഇന്ത്യയുടെ സൈന നേവാള്‍ നേരത്തെ വെങ്കലം നേടിയിരുന്നു. സെമിയില്‍ സൈനയെ തോല്‍പിച്ചാണ് ഒകുഹര കലാശപ്പോരില്‍ സിന്ധുവിനെ നേരിട്ടത്.

റിയോ ഒളിമ്പിക്‌സിനുശേഷം ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ പി.വി.സിന്ധുവിന്റെ ചുണ്ടില്‍ നിന്ന് ചരിത്രവിജയം തട്ടിത്തെറിക്കുകയായിരുന്നു..