സ്വകാര്യ കമ്പനികള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ്പ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

സ്വകാര്യ കമ്പനികള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ്പ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇല്ലെങ്കില്‍ കുടിശ്ശികത്തുക കമ്പനി ഏറ്റെടുത്ത് തിരിച്ചടയ്ക്കണം. അല്ലെങ്കില്‍ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കി സ്ഥാന മൊഴിയണം. ജയ്റ്റ്‌ലി പറഞ്ഞു. വായ്പ വരുത്തിയ സ്വകാര്യ കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അയ്ച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പുതിയ പാപ്പരത്ത നിയമ പ്രകാരം വായ്പ കുടിശ്ശിക വരുത്തിയ 12ല്‍പരം സ്വകാര്യ കമ്പനികള്‍ക്കെതിരെ ആര്‍ബിഐ നടപടി ശക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഈ കേന്ദ്ര നടപടി. രണ്ട് ലക്ഷം കോടിയോളം രൂപയാണ് വിവിധ കമ്പനികളില്‍ നിന്നുള്ള വായ്പ കുടിശ്ശികയായി ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്. ബാങ്കുകളിലെ വായ്പ കുടിശ്ശിക പരിഹരിക്കുന്നതിന് കേന്ദ്രം മൂലധനം സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യമായാണ് രാജ്യത്ത് കിട്ടാക്കട നിയമ പ്രകാരം നടപടി സ്വീകരിക്കുന്നത്. എന്നാല്‍ വായ്പ്പ തുക തിരിച്ചുപിടിക്കുന്നതില്‍ സമയം എടുക്കുമെന്നും മിന്നലാക്രമണം പോലെ ഇത് സാധ്യമല്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. അതിനിടെ ചില ബാങ്കുകള്‍ വിപണിയില്‍ നിന്ന് മൂലധനം സമാഹരിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.