ജിമ്മന്മാര്‍ക്കൊപ്പം വൈഷ്ണവ് ഗിരീഷ് മലയാളത്തിലേക്ക്

ഇന്ത്യന്‍ ഐഡോള്‍, ഇന്ത്യന്‍ മ്യൂസിക്ക് ലീഗ് എന്നീ റിയാലിറ്റി ഷോകളിലൂടെ   സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ യുവ ഗായകൻ വൈഷ്ണവ് ഗിരീഷ് മലയാളത്തിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നു. നവഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മൻമാരിലൂടെയാണ് വൈഷ്ണവ് മലയാളത്തിലേക്കെത്തുന്നത്. മികച്ച ഗാനരചയിതാവിനുളള സംസ്ഥാന അവാർഡ് ജേതാവും കവിയുമായ  ഒ എസ് ഉണ്ണികൃഷ്ണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ,സംഗീത സംവിധായകനുമായ ഗിരീഷ് സൂര്യനാരായണനാണ്.

പേര് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ച ചിത്രത്തിൽ സംവിധായകനായ രൂപേഷ് പീതാംബരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദം സിനിമയിലെ ടീച്ചർ ആയി വന്നു രസിപ്പിച്ച വിനീത കോശിയാണ് ചിത്രത്തിൽ നായികയാകുന്നത്.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ അങ്കരാജ്യത്തെ ജിമ്മന്മാര്‍ ‘. പ്രവീണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ ഒരു സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങള്‍ രസകരമായി സിനിമയിലൂടെ ആവിഷ്‌കരിക്കുന്നു.

ഡോക്ടര്‍ റോണി, രാജീവ് പിള്ള, സുദേവ് നായർ, ശങ്കർ ഇന്ദുചൂഡൻ, എന്നിവർ രൂപേഷ്പീതാംബരനോടൊപ്പം അങ്കരാജ്യത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. DQ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്  പ്രശസ്ത ക്യാമറാമാൻ സുജിത് വാസുദേവിനോടൊപ്പം അസ്സോസിയേറ്റ് ആയിരുന്ന ജിക്കു ജേക്കബ് പീറ്റർ ആണ് .സുമേഷ് ഇകെയും ജാക്ക്‌സണ്‍ ജെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം സെപ്തംബർ 18 ന് ആരംഭിക്കും.