പ്രധാനമന്ത്രിയുടെ പ്രസംഗം കോളേജുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 11ന്  രാജ്യത്തോട് നടത്തുന്ന പ്രസംഗം എല്ലാ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദേശം. ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തിന്‍റെയും സ്വാമി വിവേകാനന്ദന്‍റെ ഷിക്കാഗോ പ്രസംഗത്തിന്‍റെ 125 വാര്‍ഷികത്തിന്‍റെയും സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്.

രാവിലെ പത്തരയ്ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ‘യുവ ഇന്ത്യ, പുതിയ ഇന്ത്യപുനരുദ്ധരിക്കപ്പെട്ട ഇന്ത്യ: സങ്കല്പത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക്’ എന്നതാണ് വിഷയം. ഇതുസംബന്ധിച്ച നിര്‍ദേശം യുജിസി സര്‍വകലാശാലകളെ അറിയിച്ചു. പ്രസംഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും കേള്‍പ്പിക്കാന്‍ സര്‍വകലാശാലാ മേധാവികളും ഉന്നതവിദ്യാഭ്യാസ അധികൃതരും മുന്‍കൈയെടുക്കണമെന്നും യു.ജി.സി. ചെയര്‍മാന്‍ വീരേന്ദ്രസിങ് ചൗഹാന്‍ നിര്‍ദേശിച്ചു.

സ്ഥാപനങ്ങളില്‍ വലിയ ടി.വി. സ്‌ക്രീന്‍ വച്ച് സൗകര്യമൊരുക്കണം. പ്രസംഗത്തിന്‍റെ വെബ്കാസ്റ്റ് ലിങ്ക്: http://webcast.gov.in.mhrd. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് റേഡിയോ പ്രഭാഷണം എല്ലാ സ്‌കൂളുകളിലും കേള്‍പ്പിക്കണമെന്ന് നേരത്തേ നിര്‍ദേശമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളില്‍ നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന തരത്തിലുള്ള ഉത്തരവ് നല്‍കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സ്ഥാപനമേധാവികള്‍ മുന്‍കൈയെടുത്ത് കേള്‍പ്പിക്കുന്നെങ്കില്‍ ആകാം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്‍റെ കീഴിലായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൊതുനിര്‍ദേശം നല്‍കുന്നതല്ലാതെ നിര്‍ബന്ധം പിടിക്കാറില്ല.

പ്രധാനമന്ത്രിയുെട പ്രസംഗം കേള്‍പ്പിക്കണമെന്ന നിര്‍ദേശം ബംഗാള്‍ സര്‍ക്കാര്‍ തളളി. വിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കാനുളള ശ്രമമാണിതെന്ന് സംശയിക്കുന്നതായും വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചിട്ടില്ല. സമ്മതം നേടിയിട്ടുമില്ല. അതിനാല്‍ നിര്‍ദേശം അംഗീകരിക്കാനാവില്ല. യു.ജി.സി. നിര്‍ദേശം നടപ്പാക്കേണ്ട കാര്യമില്ലെന്ന് സര്‍വകലാശാലകളേും കോളജുകളേയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.