ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍  ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇത്തവണയും വിശ്രമം അനുവദിച്ചു. എന്നാല്‍ യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ഇത്തവണയും ടീമില്‍ ഇടം നേടാനായില്ല. സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ ആദ്യ ഏകദിനം.

നാലു മല്‍സരങ്ങളില്‍നിന്ന് 64 റണ്‍സ് മാത്രം നേടിയ (അതില്‍ 63 റണ്‍സും ഒറ്റ മല്‍സരത്തില്‍ നേടിയതാണ്) കേദാര്‍ ജാദവിന്റെ സ്ഥാനം സംശയത്തിലായിരുന്നെങ്കിലും, ജാദവിന് ഒരു അവസരം കൂടി നല്‍കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. പാര്‍ട് ടൈം സ്പിന്നറെന്ന നിലയിലും കേദാര്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് താരത്തെ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.ശ്രീലങ്കന്‍ പര്യടനത്തിനു പോയ 15 അംഗ ടീമിലെ ഷാര്‍ദുല്‍ താക്കൂറിനെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ.

2019 ലോകകപ്പ് ലക്ഷ്യമാക്കി ടീം പിന്തുടരുന്ന റൊട്ടേഷന്‍ സമ്പ്രദായമനുസരിച്ചാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് അറിയിച്ചു. അതനുസരിച്ചാണ് അശ്വിനും ജഡേജയ്ക്കും വിശ്രമം അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമംഗങ്ങളുടെ പ്രകടനം മികച്ചതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ പ്രസാദ്, യുസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.