ജപ്പാൻ പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്പ്; സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തി

രണ്ട് ദിവസത്തെ ഇന്ത്യാ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോള്‍ മറിടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ഗുജറാത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത നൃത്ത രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ എതിരേറ്റത്. ഇതിനു പുറമെ ബുദ്ധ സന്ന്യാസികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.

സബര്‍മതി ആശ്രമം വരെ സംഘടിപ്പിച്ചിരുന്ന റോഡ് ഷോയില്‍ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. തുടര്‍ന്ന് ഗാന്ധിജിയുടെ ഓര്‍മകള്‍ ഉറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ആബെ സന്ദര്‍ശനം നടത്തി. 12ാമത് ഇന്ത്യജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം മോദിയുടെ സ്വപ്‌ന പദ്ധതിയായ മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ, 16ാം നൂറ്റാണ്ടിൽ നിർമിച്ച ‘സിദ്ദി സയ്യിദ്ദീ നീ ജാലി’ പള്ളിയും ആബെ സന്ദർശിച്ചു.

ആഗോള മൂല്യങ്ങളും തന്ത്രപ്രധാന താൽപര്യങ്ങളും ഇന്ത്യയ്ക്കും ജപ്പാനും പ്രധാനപ്പെട്ടതാണ്. ഏഷ്യയിലെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളാണിരുവരും. ആഗോള ശക്തികളുമാണ്. ഇന്തോ – പസിഫിക് മേഖലയെയും ലോകത്തെയും സമാധാനത്തിലേക്കും സമൃദ്ധിയിക്കും നയിക്കാൻ ഇന്ത്യയ്ക്കും ജപ്പാനുമാകുമെന്നും ഗുജറാത്തിലെ അഹമ്മദാബാദിൽ ആബെ പറഞ്ഞു. ഇരുരാജ്യങ്ങളും പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളിലും ഒപ്പുവയ്ക്കും.