കനകമ്മയുടെ ആത്മഹത്യാ ശ്രമത്തിനു പിന്നിലെ കഥ ഇതാണ്

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കുമളി പഞ്ചായത്ത് ബസ്റ്റാന്റിൽ നൈറ്റ് കട നടത്തിവരികയാണ് കനകമ്മ(50). ഇവരുടെ ഏക ജീവിത മാർഗ്ഗവും ഈ കടയാണ്. രാത്രി ഏഴരയോടെ ആരംഭിക്കുന്ന ഈ തട്ടുകടയുടെ പ്രവർത്തനം പുലർച്ചെ ഒരു മണിയോടെ അവസാനിപ്പിക്കുകയും ചെയ്യും. എന്നാൽ സർവ്വ കക്ഷി തീരുമാനമെന്ന പേരിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇവിടെ നിന്നും ഇവരെ മാത്രം ഒഴിപ്പിച്ചിരുന്നു. മാത്രമല്ല ഇവരുടെ തള്ളുവണ്ടിയിലുണ്ടായിരുന്ന ഏഴ് ലിറ്റർ പാലും ചുക്കുകാപ്പിയും നിലത്തൊഴിച്ചും സിഗററ്റും ബീഡിയും നശിപ്പിച്ചുമാണ് ഉദ്യോഗസ്ഥർ തീരുമാനം നടപ്പിലാക്കിയത് എന്ന് ആരോപണമുയര്‍ന്നിരുന്നു.

പൊതു സ്ഥലം കൈയ്യേറി കച്ചവടം ചെയ്യുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പട്ടിണിപ്പാവമായ ഈ സ്ത്രീയോടുള്ള ഉദ്യോഗസ്ഥ നടപടി. തന്റെ ജീവിത മാർഗ്ഗം തിരിച്ചു കിട്ടിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഇവർ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവരോട് പല തവണ പറഞ്ഞിരുന്നുവത്രെ. ആരും ഇടപെടാതിരുന്നതോടെയാണ് ഇവർ പട്ടാപ്പകൽ ബസ്റ്റാന്റിനുള്ളിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് സൂചന.

അതേ സമയം കുമളിയിലെ വൻകിട കൈയ്യേറ്റങ്ങളും ദേശീയ പാതയും ഫുട്പാത്തും അര ലക്ഷം രൂപയ്ക്ക് വരെ വിൽപ്പന നടത്തിയുള്ള വലിയവന്റെ കൈയ്യേറ്റങ്ങൾ സർവ്വ കക്ഷികൾ കാണാതെ പോയതിന്റെ പിന്നാമ്പുറ രഹസ്യം ആർക്കും മനസ്സിലാകും…

ദീപസ്ഥംഭം മഹാശ്ചര്യം നമുക്കും കിട്ടണം പാർട്ടി ഫണ്ടും പാദസേവയും. മാത്രമല്ല കുമളി പഞ്ചായത്ത് ഭരിക്കുന്നത് ജനപ്രതിനിധികളുടെ ഭരണ സമിതിയാണെങ്കിൽ ബസ്റ്റാന്റ് ഭരിക്കുന്നത് സമാന്തര ഭരണസമിതിയാണ്. ഇവരാണ് ബസ്റ്റാന്റിലും പരിസരത്തും എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് . പഞ്ചായത്ത് കമ്മറ്റിക്കാരേക്കാളുപരി ഇവരുടെ ഇടപെടലാണ് കനകമ്മയുടെ ആത്മഹത്യാ ശ്രമത്തിലേക്കെത്തിച്ചത്. ഒരു തീപ്പൊരി മതിയായിരുന്നു കനകമ്മയുടെ ജീവിതം ഇല്ലാതാവാൻ…

എന്തു ചെയ്യാം നിയമ ലംഘകർക്കും ആൾബലവും ധനബലവും ഉളളവർക്ക് നീതിയും അത്താഴപ്പട്ടിണിക്കാർ അനീതിയും എന്ന നീതി ശാസത്രമാണ് കുമളിയിൽ ചിലർ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരുടെ വേദന സ്വാർഥ ലാഭത്തിന് വേണ്ടി എന്തും ചെയ്യുന്നവർക്ക് അറിയില്ലല്ലോ.. അറിയേണ്ടതില്ലല്ലോ ..
കടപ്പാട്