രാഹുൽ കോൺഗ്രസ് പ്രസിഡന്റ്

രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടന തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത് . പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മറ്റാരും നോമിനേഷൻ നൽകാത്തതിനെ തുടർന്ന് രാഹുലിനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

ശനിയാഴ്ച രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ പത്തൊൻപത് വർഷമായി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്ന രാഹുലിന്റെ അമ്മ സോണിയ ഗാന്ധി പടിയിറങ്ങുകയായി. 1998 മാർച്ച് 14 ന് സീതാറാം കേസരിക്ക് പിന്നാലെയായിരുന്നു സോണിയ ഗാന്ധി അദ്ധ്യക്ഷയായത്.

1970 ജൂൺ 19 ന് രാജീവ് ഗാന്ധിയുടേയും സോണിയയുടെയും മകനായി ഡൽഹിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം. ഡൽഹിയിലെ സെന്റ് കൊളമ്പിയ , ഡെറാഡൂണിലെ ഡൂൺ സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം  പൂർത്തിയാക്കിയ രാഹുൽ സുരക്ഷ ഭീഷണിയെത്തുടർന്ന് പഠനം വിദേശത്താക്കുകയായിരുന്നു. ആദ്യം ഹാർവാഡിലും പിന്നീട് ഫ്ളോറിഡയിലെ റോളിൻസ് കോളേജിലുമായി ആണ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

2004 ൽ രാഷ്ടീയത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി 2007 ൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി. 2013 ൽ കോൺഗ്രസ് ഉപാദ്ധ്യക്ഷനുമായി . കാലങ്ങളായി രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽവികൾ സ്ഥാനാരോഹണം നീട്ടുകയായിരുന്നു .