വോട്ടെണ്ണല്‍ തുടങ്ങി: ആദ്യ ഫലസൂചനകളില്‍ ബി ജെ പി മുന്‍പില്‍

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ വഡോദര, രാജ് കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ബിജെപിയാണ് മുന്നില്‍. 182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.

ഗുജറാത്തില്‍ ഡിസംബര്‍ ഒന്‍പതിനും 14നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 68.41 ശതമാനം പേര്‍ വോട്ടുചെയ്തു. അതായത് 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേര്‍ വോട്ടു ചെയ്തു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മൂന്നു ശതമാനം കുറവാണിത്. പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്. 1995 മുതല്‍ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ബിജെപി ആറാം വട്ടവും ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. 22 വര്‍ഷത്തിനുശേഷം കടുത്ത പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസും വിജയപ്രതീക്ഷയിലാണ്.

വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷം ആശങ്കയിലാണ്. സാങ്കേതികത്തകരാറുകള്‍മൂലം വീരാംഗാം, സാവലി, വഡ്ഗാം, ഡസ്‌കരോയി മണ്ഡലങ്ങളിലായി ആറു ബുത്തുകളില്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഏഴ് മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ വിവിപാറ്റ് രശീതികള്‍ തിങ്കളാഴ്ച എണ്ണാനും ഉത്തരവിട്ടു. ഇവിടെ മോക്ക് വോട്ടെടുപ്പിലെ വിവരങ്ങള്‍ യഥാര്‍ഥ വോട്ടെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥര്‍ മായ്ച്ചിരുന്നില്ല. മറ്റ് മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് രശീതികള്‍ മാത്രമാണ് എണ്ണുക. കൃത്രിമം സംബന്ധിച്ച പരാതികളൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.

Show More

Related Articles

Close
Close