യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്തിയ യുവതിക്ക് ദാരുണാന്ത്യം; സംഭവം തിരുപ്പൂരില്‍

യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്തിയ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവും മറ്റ് രണ്ട് കുടുംബ സുഹൃത്തുകളും ചേര്‍ന്നാണ് യൂട്യൂബിന്റെ സഹായത്തോടെ യുവതിയുടെ പ്രസവം എടുത്തത്. പ്രസവത്തിനിടെ ഉണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാടിലെ തിരൂപ്പൂരിലാണ് സംഭവം.

അധ്യാപികയായ കൃതികയാണ് പ്രസവത്തിനിടെ മരിച്ചത്. കാര്‍ത്തികേയനാണ് ഭര്‍ത്താവ്. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു മകളുമുണ്ട്. ഇവരുടെ കുടുംബ സുഹൃത്തുക്കളായ പ്രവീണ്‍, ലാവണ്യ എന്നിവരായിരുന്നു കൃതികയുടെ പ്രസവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. പ്രകൃതി ചികിത്സയില്‍ വിശ്വസിക്കുന്ന ഈ കൂട്ടുകാരുടെ നിര്‍ദ്ദേശാനുസരണമാണ് പ്രസവം വീട്ടില്‍ നടത്താന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

എല്ലാം വിരല്‍ത്തുമ്പില്‍ കിട്ടുന്ന നൂതനവിദ്യയുള്ളതിനാല്‍ പ്രസവം നടത്താന്‍ യൂട്യൂബിന്റെ സഹായം തേടാമെന്ന് സൂഹൃത്തുക്കള്‍ ദമ്പതികളെ അറിയിക്കുകയായിരുന്നു. അതിനാല്‍ കൃതിക ഗര്‍ഭിണിയായ വിവരം പോലും ഇവര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ യുവതിയുടെ മരണത്തില്‍ പ്രവീണ്‍, ലാവണ്യ എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഭൂപതി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്