ക്ലാസ് റൂമിനുള്ളില്‍ നിന്ന് പതിനൊന്നുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; മൂന്നുപേരെ നാട്ടുകാരും അധ്യാപകരും തല്ലിക്കൊന്നു

പതിനൊന്ന് വയസ്സുകാരിയെ ക്ലാസ് റൂമിനുള്ളില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നുപേരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഗ്രാമവാസികളും ചേര്‍ന്ന് തല്ലിക്കൊന്നു. ബിഹാറിലെ പട്‌നയിലെ ബെഗുസാരൈ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. മുകേഷ് മഹ്‌തോ, ശ്യാം സിംഗ്, ഹീരാ സിംഗ് എന്നിവരാണ് ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രതികള്‍.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടിയെയും കൊണ്ട് കടന്നു കളയാന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയതെന്ന് അധ്യാപകര്‍ പറഞ്ഞു. ഉച്ചയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ക്ലാസ് മുറി അന്വേഷിച്ച് ഇവര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. കുട്ടിയെത്തിയില്ലെന്ന് പറഞ്ഞപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഭയന്നുപോയ പ്രിന്‍സിപ്പല്‍ നിമ കുമാരി ഉടന്‍ ബോധരഹിതയായി വീണു. ഇത് കണ്ട് പേടിച്ച് വിരണ്ട കുട്ടികള്‍ ഉച്ചത്തില്‍ അലമുറയിട്ട് കരഞ്ഞു.നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമീണരാണ് മൂന്നുപേരെയും കൈകാര്യം ചെയ്തത്.

ഗ്രാമീണര്‍ വളഞ്ഞിട്ട് ആക്രമിച്ച മൂന്നുപേരില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റു രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും മരിച്ചു. പൊലീസ് സംഭവമറിഞ്ഞ് സ്‌കൂളില്‍ എത്തിയെങ്കിലും ഇവരെ ആക്രമിക്കുന്നതില്‍ നിന്ന് ഗ്രാമീണരെ തടയുന്നതില്‍ പൊലീസ് പരാജയപ്പെടുകയായിരുന്നു.