40 അടി ഉയരത്തിലുള്ള പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് നാലു പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

പുനെയില്‍ കുറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണ് നാലു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 40 അടി പൊക്കമുള്ള പരസ്യബോര്‍ഡ് തകര്‍ന്നു വീണു വാഹനങ്ങളും തകര്‍ന്നു. ട്രാഫിക് സിഗ്നല്‍ കാത്തു കിടന്ന വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണ് അപകടമുണ്ടായത്.

പുനെ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷാഹിര്‍ അമര്‍ ഷെയ്ക്ക് ചൗക്ക് റോഡിലെ ജുന്ന ബസാറില്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടം. വാഹനങ്ങളുടെ മുകളിലേക്ക് ബോര്‍ഡു വീണതോടെ അതിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. പുനെ റെയില്‍വേ ഡിവിഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച പരസ്യ ബോര്‍ഡ് അപകടത്തിന് ശേഷം റെയില്‍വേ അധികൃതര്‍ നീക്കം ചെയ്തു.

ആറു ഓട്ടോറിക്ഷകള്‍, ഒരു കാര്‍, മൂന്ന് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. ബോര്‍ഡ് നേരിട്ട് പതിച്ച രണ്ട് ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ചിരുന്ന നാല് പേരാണ് മരിച്ചത്. ബോര്‍ഡിലെ ഇരുമ്പു കമ്പികള്‍ വീണ് ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

ഷംറാവു ഗംഗാധര്‍ കസര്‍ (70) ശ്യാം രാജാറാം ധോത്രി (45), ജാവേദ് മിസ്ബുദ്ധീന്‍ ഖാന്‍ (49) ശിവജി പര്‍ദേശി (40) എന്നിവരാണ് മരിച്ചത്. കിരണ്‍ സോംനാഥ് തോസര്‍, യശ്വന്ത് രാമ ഖോബ്രെ, മഹേഷ് ഔച്ചേര്‍, രുക്മിണി പര്‍ദേശി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വകാര്യ കോണ്‍ട്രാക്ടര്‍ക്ക് ബോര്‍ഡ് നീക്കം ചെയ്യാന്‍ പണം കൊടുത്തിരുന്നതായി റെയില്‍വേ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും, ഗുരുതര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കുകളേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പുനെ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Show More

Related Articles

Close
Close