കൂട്ടുകാരനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പോയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: 5 മരണം

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്(22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ വിദേശത്തേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ജിബിന്റെ സഹോദരനാണ് ജെറിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

Image courtesy : Mathrubhumi.com