വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം പിടികൂടി

വാഹനം തകരാറിലായതിനെത്തുടര്‍ന്ന് വഴിയില്‍ കിടന്ന ലോറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് ഈ മത്സ്യം എന്നാണ് വിവരം. പഴകിയ മത്സ്യങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന സംസ്ഥാനത്തെമ്പാടും നടക്കുന്നതിനിടയിലാണ് ഇത്രയധികം പഴയ മത്സ്യം ഒന്നിച്ച് പിടിച്ചെടുത്തത്.

മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് വ്യക്തമാകുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റു രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.