സുഫല – കവിത

sufala

വിരല്‍ത്തുമ്പില്‍ വിളക്കാവും
വരദേ വന്നു കാണുവാന്‍
ഇടവന്നില്ലയിന്നോളം-
ഇടറീടും പദങ്ങളാല്‍…
അരിയില്‍ വിരല്‍തൊട്ടാദ്യ
മമ്മേ, നമ്മളറിഞ്ഞനാള്‍
മുതലെന്‍ കണ്‍കളില്‍ പാട
നീങ്ങി വെട്ടം നിറഞ്ഞതും
പുഴു; പൂമ്പാറ്റയാകും പോല്‍
നിന്‍ പദധ്യാനമാര്‍ന്നു ഞാന്‍
ചിതല്‍ തിന്നാത്ത വാക്കിന്റെ
ചിറകാര്‍ന്നു പറന്നതും
വിരല്‍ത്തുമ്പില്‍ മിടിപ്പാവും
കവിതേ വന്നു കുമ്പിടാന്‍
ഇടവന്നില്ലയിന്നോള
മെങ്കിലും, നീയറിഞ്ഞുവോ….?
ജീവിതത്തിന്റെ ചക്കുന്തി
യുന്തി ഞാന്‍ വിലപിയ്ക്കവേ
കനിവായാര്‍ദ്രതേ എന്റെ
കൈകളില്‍ നീ കിനിഞ്ഞുവോ?
അമൃതം-അക്ഷരം-നാവില്‍
നൂറുമേനി തഴയ്ക്കുവാന്‍
മഴയായ് നൂറുവാക്കായെന്‍
മരുഭൂവില്‍ പൊഴിഞ്ഞുവോ?
കയ്ക്കാത്ത കാഞ്ഞിരത്തിന്റെ
നിഴലായ് തണല്‍ തന്നുവോ?

വിരല്‍ത്തുമ്പത്തൊഴുക്കാവും
സുഫലേ, വന്നു കാണുവാന്‍
ഇടവന്നില്ലയിന്നോള
മെങ്കിലും നെഞ്ചിനുള്ളിലെ
മൂകതയ്ക്കു മിടിപ്പേകും
ജീവോദ്ധാരിണിയാണു നീ…
ഞാനാം ചെളിയില്‍ വേരോടും
വെള്ളത്താമരയാണു നീ….