അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമത്തിന് ഒബാമയുടെ അംഗീകാരം

obama

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നത് തടഞ്ഞുകൊണ്ട് നിയമാനുസൃതം തൊഴില്‍ കണ്ടെത്താന്‍ അവസരം നല്‍കുന്ന പുതിയ കുടിയേറ്റ നിയമത്തിന് പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം. ഇന്ത്യക്കാരുള്‍പ്പെടെ തുച്ഛമായ വേതനത്തിന് അനധികൃതമായി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് പുതിയ നിയമം ആശ്വാസകരമാകും. ഇതോടെ പിടിക്കപ്പെട്ടാല്‍ നാടുകടത്തപ്പെടുമെന്ന ഭീഷണിയില്‍ നിന്ന് ഇവര്‍ ഒഴിവായിരിക്കുകയാണ്.

പുതിയ കുടിയേറ്റ നിയമം അനുസരിച്ച് അഞ്ചുവര്‍ഷമായി അമേരിക്കയില്‍ അനധികൃതമായി കഴിയുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്കുള്ള തൊഴില്‍ അനുമതി ലഭിക്കും. ഇതിനുപുറമേ 16 വയസ്സിനുമുമ്പ് രാജ്യത്തെത്തിയവര്‍ക്കും നിയമപ്രകാരം തൊഴില്‍ചെയ്യാം. എന്നാല്‍ പൗരത്വത്തിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ ഭാവിയില്‍ അര്‍ഹരാകുമെന്ന് ഇതുകൊണ്ട് അര്‍ഥമില്ലെന്നും ഉത്തരവില്‍ പറയുന്നു.

അനധികൃതമായി രാജ്യത്ത് എത്തിയവര്‍ക്ക് നിഴലില്‍ നിന്ന് പുറത്തുവരാന്‍ അവസരം നല്‍കുന്ന തീരുമാനമെന്നാണ് ഒബാമ നിയമത്തെ വിശേഷിപ്പിച്ചത്. അമേരിക്കയില്‍ 1.1 കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം 2012ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 4.5 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്.

കുടിയേറ്റക്കാരില്‍ 59 ശതമാനവും മെക്‌സിക്കോയില്‍ നിന്നാണ്. ആകെയുള്ള 1.1 കോടി അനധികൃത കുടിയേറ്റക്കാരില്‍ 50 ലക്ഷത്തോളം പേര്‍ക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിച്ചേക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സിനെ മറികടന്ന് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പുതിയ കുടിയേറ്റ നിയമത്തിന് ഒബാമ അംഗീകാരം നല്‍കിയത്.

1980ന് ശേഷം അമേരിക്കയിലെ ഏറ്റവും വലിയ കുടിയേറ്റ പരിഷ്‌കരണമാണിത്. ആഭ്യന്തര സുരക്ഷാവകുപ്പ് സെക്രട്ടറി, അറ്റോര്‍ണി ജനറല്‍ എന്നിവരുടെ ഉപദേശം തേടിയ ശേഷമാണ് ഒബാമ ഉത്തരവില്‍ ഒപ്പുവെച്ചത്. രണ്ടാഴ്ചമുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പോടെ സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലാണ് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉത്തരവിറക്കാന്‍ ഒബാമയ്ക്ക് പ്രയോഗിക്കേണ്ടിവന്നത്.

കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നതിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്കാലവും എതിര്‍ത്തിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന കാലത്ത് സെനറ്റില്‍ ഈ നിയമം പാസാക്കിയിരുന്നെങ്കിലും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ജനപ്രതിനിധിസഭ അംഗീകാരം നല്‍കിയിരുന്നില്ല. അതേ സമയം ഏകപക്ഷീയമായി നിയമം പരിഷ്‌കരിക്കാനാണ് ഒബാമ ശ്രമിക്കുന്നതെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി. നിയമവിരുദ്ധമായ അധികാര പ്രയോഗമാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആരോപിച്ചു.