ചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി വിശുദ്ധര്‍

vatican

ഭാരതകത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനം . ഇന്ത്യയില്‍നിന്ന് ആദ്യമായി ഒരേസമയം രണ്ടുപേര്‍ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ടു. കേരളത്തില്‍ ആത്മീയത, വിദ്യാഭ്യാസം, അച്ചടി തുടങ്ങിയ മേഖലകളില്‍ മാറ്റത്തിന്റെ പുതുപാത വെട്ടിത്തുറന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ‘പ്രാര്‍ത്ഥിക്കുന്ന അമ്മ’ എന്നറിയപ്പെടുന്ന എവുപ്രാസ്യമ്മയും.

ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിമധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുവരെയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി.

ഇറ്റലിക്കാരായ ജിയോവനി അന്റോണിയോ ഫരീന, ലുഡോവികോ ഡി കസോരിയ, നിക്കോള ഡി ലോംഗോബര്‍ഡി, അമാതോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഭാരതസഭയില്‍നിന്നുള്ള ആദ്യവിശുദ്ധനാണ് ചാവറയച്ചന്‍. രണ്ടാമത്തെ വിശുദ്ധയാണ് എവുപ്രാസ്യമ്മ. ചാവറയച്ചന്‍ സ്ഥാപിച്ച സഭാസമൂഹത്തിലെ അംഗമാണ് ഇവരെന്ന പ്രത്യേകതയുമുണ്ട്. 2008 ഒക്ടോബര്‍ 12-ന് വിശുദ്ധപദവിയിലേക്കുയര്‍ത്തിയ സി.അല്‍ഫോന്‍സാമ്മയാണ് ഭാരതസഭയിലെ ആദ്യവിശുദ്ധ.

വിശുദ്ധപദവിപ്രഖ്യാപനത്തിന്റെ വൈസ് പോസ്റ്റുലേറ്റര്‍മാരായിരുന്നവര്‍ വിശുദ്ധരാക്കുന്നവരുടെ തിരുശേഷിപ്പ് മാര്‍പാപ്പയ്ക്ക് കൈമാറുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് വിശുദ്ധപദവിപ്രഖ്യാപനത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ അമാതോ, പാപ്പയോട് വിശുദ്ധപദവിപ്രഖ്യാപനം അഭ്യര്‍ത്ഥിക്കും. പാപ്പ പേരുവിളിച്ച് ഓരോരുത്തരെയും വിശുദ്ധരായി പ്രഖ്യാപിക്കും. ചടങ്ങ് രണ്ടുമണിക്കൂര്‍ നീളും.
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവിക്ക് നിദാനമായി വത്തിക്കാന്‍ അംഗീകരിച്ച രോഗസൗഖ്യം ലഭിച്ച പാലാ സ്വദേശി മരിയ, കൊടകര സ്വദേശി ജ്യൂവല്‍ എന്നിവരും മാതാപിതാക്കള്‍ക്കൊപ്പം റോമില്‍ എത്തിയിട്ടുണ്ട്. കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 1500 വൈദികര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരാകും. ഇവരില്‍ 800 പേര്‍ ഇന്ത്യയില്‍നിന്നാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികളും റോമിലെത്തി. പ്രൊഫസര്‍ പി.ജെ കുര്യന്റെ നേതൃത്വത്തിലാണ് കേന്ദ്രപ്രതിനിധിസംഘം. ജോസ് കെ.മാണി എം.പിയും സംഘത്തിലുണ്ട്. മന്ത്രിമാരായ കെ.സി. ജോസഫ്, പി.ജെ. ജോസഫ്, എം.പി. വിന്‍സെന്റ് എം.എല്‍.എ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.