സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍; അറസ്റ്റ് വൈകും

 

t o sooraj

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ വിജിലന്‍സിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആലുവ എടത്തലയ്ക്ക് സമീപം സൂരജിന്റെ സ്വത്തുവിവരങ്ങളില്‍ നിന്ന് മറച്ചുവെച്ച ഗോഡൗണുകള്‍ ഉള്ളതായി വിജിലന്‍സ് കണ്ടെത്തി. മകളുടെ പേരിലാണ് ഇവ രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്തും എറണാകുളത്തും പലയിടങ്ങളിലായി വീടുകളും ഗോഡൗണുകളും നേരത്തെ കണ്ടെത്തിയിരുന്നു. വെണ്ണലയിലെ കായല്‍ തീരത്ത് പുതിയ വീട് പണിയുന്നതായും വിവരം ലഭിച്ചിരുന്നു. ശനിയാഴ്ച നടന്ന റെയ്ഡിന്റെയും പരിശോധനകളുടെയും രേഖകളും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മുമ്പ് സമര്‍പ്പിച്ച രേഖകളടക്കമുള്ള തെളിവുകള്‍ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ചയോടെ കോടതി വിജിലന്‍സിന് തിരിച്ച് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് തെളിവെടുപ്പ് നടക്കുക.
ഇതിനിടയില്‍ സൂരജിനേയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യും. മുന്നൂറിലേറെ രേഖകള്‍ പരിശോധിക്കാന്‍ സമയമെടുക്കും. അന്വേഷണം നടത്തി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫ്‌ലാറ്റുകളുടെ പ്രമാണങ്ങള്‍, ബാങ്ക് പാസ് ബുക്കുകള്‍, വസ്തു ഇടപാട് രേഖകള്‍, കറന്‍സികള്‍, നിക്ഷേപം സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയുള്‍പ്പെടെ പിടിച്ചെടുത്ത അനേകം തെളിവുകള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാല്‍ സൂരജിന്റെ അറസ്റ്റ് വൈകുമെന്നാണ് സൂചന.
സൂരജിന്റെ വിവിധ സ്ഥലങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളെല്ലാം ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. സ്ഥലത്തിനും മറ്റും ഓരോ പ്രദേശത്തും നിശ്ചയിച്ചിരിക്കുന്ന സര്‍ക്കാര്‍ ന്യായവിലയുടെ അടിസ്ഥാനത്തിലും അതതു പ്രദേശത്തെ മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തിലും മൂല്യം കണക്കാക്കേണ്ടതുമുണ്ട്. ഇതുകൂടാതെ അനധികൃത കെട്ടിടത്തിന്റെ മൂല്യവും കണക്കാക്കണം. വസ്തു രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആധാരത്തില്‍ വില കുറച്ചു കാണിച്ചിരുന്നോ എന്നതടക്കമുള്ള പരിശോധനകളും നടക്കുന്നുണ്ട്. പൊതുമരാമത്ത് കരാറുകാരുമായി നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കുന്നുണ്ട്.