കാശ്മീരിലും ജാര്‍ഖണ്ഡിലും ആദ്യഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി ..

election1

ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും ആദ്യഘട്ടതിരഞ്ഞെടുപ്പ് തുടങ്ങി . ജമ്മുകശ്മീരിലെ 15 ഉം, ജാര്‍ഖണ്ഡിലെ 13ഉം മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍, സോണിയാഗാന്ധിയാണ് കോണ്‍ഗ്രസിന്റെ മുന്നണിപോരാളി. കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും, മെഹബൂബ മുഫ്തിയുടെ പിഡിപിയും മല്‍സരരംഗത്ത് ശക്തമായുണ്ട്. ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസും പിഡിപിയും ശ്രമിക്കുന്നത്.

കശ്മീരില്‍ പിഡിപി നേട്ടമുണ്ടാക്കുമെന്നാണ് അഭിപ്രായസര്‍വെകള്‍ സൂചിപ്പിക്കുന്നത്. അതേസമയം മോദിയുടെ വ്യക്തിപ്രഭാവവും, സമീപകാല വിജയവും മുന്‍നിര്‍ത്തി 87 അംഗ നിയമസഭയില്‍ 44ല്‍ ഏറെ സീറ്റുകള്‍ നേടാനാണ് ബിജെപിയുടെ പദ്ധതി. ജാര്‍ഖണ്ഡിലെ 81 സീറ്റുകളില്‍ 13 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്.

ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്നീ കക്ഷികളടങ്ങിയ ദേശീയ ജനാധിപത്യ സഖ്യമാണ്  ബിജെപി, തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റുവിഭജനത്തെത്തുടര്‍ന്നുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഖ്യം പിരിഞ്ഞ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും വെവ്വേറെയാണ് ജനവിധി തേടുന്നത്.

ആര്‍ജെഡി, ജെഡിയു തുടങ്ങിയ പാര്‍ട്ടികള്‍ ഇക്കുറി കോണ്‍ഗ്രസിനൊപ്പമുണ്ട്. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കശ്മീരിലും, മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡിലും വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.