മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്‌ര അന്തരിച്ചു

murali deora

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌ര (77) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. കാന്‍സര്‍ബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മുന്‍ എം.പി. മിലിന്ദ് ദേവ്‌ര മകനാണ്.

രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ദേവ്‌ര 1968ല്‍ മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 1977 മുതല്‍ 78 വരെ ശിവസേനയുടെ പിന്തുണയോടെ മുംബൈ മേയറായിരുന്നു. 1980ല്‍ ആദ്യമായി ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബി.ജെ.പി.യുടെ ജയവന്തിബെന്‍ മേത്തയെ തോല്‍പിച്ച് ആദ്യമായി ലോക്‌സഭയിലെത്തി. ജയവന്തിബെന്‍ മേത്തയെ പരാജയപ്പെടുത്തിയാണ് മകന്‍ മിലിന്ദ് ദേവ്‌രയും ആദ്യമായി ലോക്ഭസാംഗമായത്.

നാലു തവണ ലോക്‌സഭയില്‍ മുംബൈ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച ദേവ്‌ര 1991ലും പരാജയം രുചിച്ചിരുന്നു. സോണിയാ കുടുംബത്തോട് അടുപ്പം പുലര്‍ത്തിയ ദേവ്‌ര 2004ല്‍ രാജ്യസഭാംഗമായി. 2006ല്‍ ആദ്യമായി കേന്ദ്രമന്ത്രിയായി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ പെട്രോളിയം, പ്രകൃതിവാതക വകുപ്പ് കൈകാര്യം ചെയ്ത ദേവ്‌ര 2011ല്‍ കമ്പനി അഫയേഴ്‌സ് മന്ത്രിയായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് മ്യാന്‍മര്‍, അള്‍ജീരിയ, ഈജിപ്ത്, സുഡാന്‍, ചാഡ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 22വര്‍ഷം മുംബൈ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു.