പാര്‍ലമെന്റില്‍ ബഹളം.

parliament

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നലെ തുടക്കമായി. രണ്ടാം ദിനമായ ഇന്നു രാവിലെ തന്നെ സഭകള്‍ പ്രക്ഷുബ്ദമാണ് .  67 സുപ്രധാന ബില്ലുകളാണ്  ഈ സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്‍.ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള രണ്ടാമത്തെ സമ്മേളനമാണിത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാരിന് തടസ്സമായേക്കാമെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയ്ക്കായി ശ്രമിക്കുന്നുണ്ട്.

അതേസമയം ഇന്‍ഷുറന്‍സ് ബില്‍ പാസാക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്  പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നുണ്ട്. ഇന്‍ഷുറന്‍സ് ബില്ലിനെ കോണ്‍ഗ്രസും ജനതാ പാര്‍ട്ടികളും തൃണമൂലും ഇടതുപാര്‍ട്ടികളും ഒരുപോലെ എതിര്‍ക്കുന്നുണ്ട്. പ്രതിപക്ഷപാര്‍ട്ടികള്‍ ഒട്ടാകെ എതിര്‍ക്കുന്നതിനാല്‍ രാജ്യസഭയില്‍ ന്യൂനപക്ഷമായ ബി.ജെ.പിക്ക് ബില്‍ പാസാക്കാനായേക്കില്ല.

ഇതോടൊപ്പം ചരക്ക് സേവന നികുതി ബില്ലിനെയും ഇടതു പാര്‍ട്ടികളും സമാജ് വാദി, ജെ.ഡി.യു പാര്‍ട്ടികളും എതിര്‍ക്കുന്നുണ്ട്. ഇവക്കു പുറമെ കല്‍ക്കരി ലേലത്തിനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബില്‍, ടെക്‌സ്റ്റൈല്‍സ് ഓര്‍ഡിനന്‍സ്, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം, റോഡ് സുരക്ഷാ നിയമം, തുടങ്ങിയവയുലെ ഭേദഗതി ബില്ലുകളും ഈ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.

കഴിഞ്ഞ സമ്മേളനത്തില്‍ സഭയെ പ്രക്ഷുബ്ധമാക്കിയ സിവില്‍ സര്‍വ്വീസ് അഭിരുചി പരീക്ഷാ വിഷയവും ചര്‍ച്ചയ്ക്ക് ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. മന്ത്രിസഭാ പുനഃസംഘടിപ്പിച്ച കാര്യം പ്രധാനമന്ത്രി ഇന്ന് ഇരുസഭകളെയും അറിയിക്കും.

ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുജറാത്ത് സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയ കാര്യവും വിദേശത്ത് കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതും ആസൂത്രണക്കമ്മീഷന്‍ വേണ്ടെന്നു വെക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനവും  ചര്‍ച്ചയ്ക്കു വരും.

പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യനായിഡു വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവധി ദിനമായ ഞായറാഴ്ച്ച വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു തൃണമൂല്‍ എം.പി ദെരെക് ഒബ്രിയന്‍ പറഞ്ഞത്.  അതിനു മുമ്പായി ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല