ചങ്ങനാശ്ശേരിയെ വൃത്തിയാക്കാന്‍ ആലപ്പുഴ മോഡല്‍

ചങ്ങനാശ്ശേരി: ആലപ്പുഴയിലെ മാതൃകയിലുള്ള ശുചിത്വ പദ്ധതി ചങ്ങനാശ്ശേരി നഗരസഭയില്‍ നടപ്പാക്കാന്‍ ചങ്ങനാശ്ശേരി നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി ഭരണ പ്രതിപക്ഷ ഭേദെമന്യേ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഉടന്‍തന്നെ ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തും.
ജൈവ, അജൈവ മാലിന്യങ്ങളെ വേര്‍തിരിക്കും. മാലിന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നിടത്തു തന്നെ സംസ്‌കരിക്കും. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഇതിനായി വാര്‍ഡ്തല കമ്മിറ്റികള്‍ രൂപവത്കരിക്കും. റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, പ്രവാസി മലയാളികള്‍, വിവിധ വ്യാപാരി സംഘടനകള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് വിപുലമായ ജനകീയ കണ്‍െവന്‍ഷന്‍ വിളിച്ചുചേര്‍ക്കും. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കേബിളിടുന്നതിന് റിലയന്‍സ് കമ്പനിക്ക് അനുവാദം നല്‍കും.
ചെങ്ങന്നൂര്‍-ചിങ്ങവനം റയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മോര്‍ക്കുളങ്ങരയിലെ 210-ാം നമ്പര്‍ പഴയ മേല്‍പാലം പൊളിച്ച് പണിയുന്നതിനും 6 മാസം ഈ പാലം വഴിയുള്ള ഗതാഗതം നിര്‍ത്തലാക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം നല്‍കി.
നഗരസഭയില്‍ ഒഴിവുണ്ടായിരുന്ന നഗരസഭാ ധനകാര്യ കമ്മിറ്റി അംഗമായി 37-ാം വാര്‍ഡ് കൗണ്‍സിലര്‍ ജി. സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.