മദ്യപിക്കുന്നവര്‍ക്ക് സീറ്റുമില്ല , മദ്യവ്യാപാരികളുടെ വോട്ടും വേണ്ട

sudheeran

മദ്യവ്യാപാരികളുടെ വോട്ട്  വേണ്ടന്നാണ് തന്റെ നിലപാടെന്നും , അവരില്‍ നിന്ന് കോണ്‍ഗ്രസ് സംഭാവന സ്വീകരിക്കില്ലെന്നും   കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. ഇക്കാര്യം യു.ഡി.എഫില്‍  ചര്‍ച്ചചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ അദ്ദേഹം പറഞ്ഞു. മദ്യപര്‍ക്ക് പാര്‍ട്ടിയില്‍ പദവികള്‍ നല്‍കേണ്ട എന്ന നിലപാട് ക ര്‍ശനമാക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ മദ്യപര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കില്ല. മദ്യനിരോധനമാണ് പാര്‍ട്ടി നയമെന്നും മദ്യവര്‍ജനമാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്നും സുധീരന്‍ വ്യക്തമാക്കി.മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും ബാറുണ്ടോ എന്ന് പരിശോധിക്കും. കളങ്കിതരുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമുണ്ടാകരുത്. ബാര്‍കോഴ അടക്കമുള്ള കാര്യത്തില്‍ വിശ്വസനീയമായ തെളിവുകള്‍ ആരോപണമുന്നയിച്ചവര്‍ ഹാജരാക്കിയിട്ടില്ല.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി അനിവാര്യമാണ്. അന്വേഷണം വഴിതിരിച്ചുവിടാനാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്. അഴിമതിക്കാരെക്കുറിച്ച് അറിവുണ്ടെന്ന് പറയുന്നവര്‍ തെളിവുസഹിതം വെളിപ്പെടുത്തണം. മാറിവരുന്ന സര്‍ക്കാരുകളെ വേണ്ടവിധം കൈകാര്യം ചെയ്ത് അഴിമതി നടത്താന്‍ ചില ഉദ്യോഗസ്ഥര്‍ മിടുക്കരാണ്. ഇടത് ഭരണത്തില്‍ അഴിമതി നടത്താന്‍ വേണ്ട സംരക്ഷണം ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്നും സുധീരന്‍ ആരോപിച്ചു. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.