സാര്‍ക്ക് ഉച്ചകോടിക്ക് ഇന്ന് നേപ്പാളില്‍ തുടക്കം

modi in nepal

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ദ്വിദിന ഉച്ചകോടിക്ക് ഇന്നു തുടക്കം. അംഗരാജ്യങ്ങള്‍ക്കിടയിലെ ഗതാഗത- വാണിജ്യ സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുക, ഉദാരീകരിച്ച വാണിജ്യബന്ധങ്ങളിലൂടെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുക, ഭീകരതയുടെ വെല്ലുവിളികള്‍ ഒന്നിച്ചു നേരിടുക തുടങ്ങിയവയാകും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ഉച്ചകോടിയ്ക്കിടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദര രജപക്‌സെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുമായി മോദി കൂടിക്കാഴ്ച്ച നടത്തും.

അതേസമയം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോദി കൂടിക്കാഴ്ച്ച നടത്തുമോ എന്ന കാര്യം വ്യക്തമായില്ല. എട്ട് അംഗരാഷ്ട്ര സംഘടനയെ ശക്തി കേന്ദ്രമാക്കുന്നതിന് മോദി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ ഉറ്റുനോക്കുന്നുണ്ട്. മോദിക്കൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, തുടങ്ങിയവരും മറ്റു മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇത് തന്റെ ആദ്യത്തെ സാര്‍ക് ഉച്ചകോടിയാണെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങു മുതല്‍ തന്നെ സാര്‍ക് രാജ്യങ്ങളിലെ നേതക്കളുമായി അടുപ്പം സൃഷ്ടിച്ചിരുന്നുവെന്ന് മോദി വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഉച്ചകോടിയിലേക്ക് തിരിക്കുന്നതിനു മുമ്പെ മോദി ഡല്‍ഹിയില്‍ പറഞ്ഞു.