പെണ്‍ഭ്രൂണഹത്യ തടയല്‍: കേരളം രണ്ടാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം

sc of india

പെണ്‍ഭ്രൂണഹത്യ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേരളം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പെണ്‍ഭ്രൂണഹത്യ തടയുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങളെ വിമര്‍ശിച്ച കോടതി അതാതു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തിയും രേഖപ്പെടുത്തി.

പെണ്‍ഭ്രഹണഹത്യ തടയുന്നതു സംബന്ധിച്ച വിശദീകരണങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേരളത്തെ കൂടാതം ആസാം, ത്രിപുര, ഒഡീഷ, ദാമന്‍-ദിയു, ഗുജറാത്ത്, ഗോവ, മേഘാലയ, മിസോറാം, മധ്യപ്രദേശ് തുടങ്ങിയ സംസഥാനങ്ങളോടും വിശദീകരിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടികളുടെ സംരക്ഷിക്കുന്നതിനായി കുടുംബങ്ങള്‍ക്ക് എന്തെങ്കിലും പ്രചോദനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിയുമോ എന്നും കോടതി ചോദിച്ചു.

വിഷയത്തെ ആരും ഗൗരവപരമായി കാണുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി അറിയിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാണ, ഡല്‍ഹി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി ജനനമരണരജിസ്റ്ററുകള്‍ പരിശോധിച്ച് കോടതിക്ക് മൂന്ന് സംസ്ഥാനങ്ങളും നല്‍കിയ കണക്കുകള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡിസംബര്‍ പത്തിന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.