കള്ളപ്പണവിഷയം; തരൂരിനെതിരെ കോണ്‍ഗ്രസ് എം.പി.മാര്‍ സോണിയാഗാന്ധിയോട് പരാതിപ്പെട്ടു.

shashi tharoor

കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോള്‍ ശശി തരൂര്‍ മാറിനിന്നതായി പരാതി. തരൂരിനെതിരെ കോണ്‍ഗ്രസ് എം.പി.മാര്‍ സോണിയാഗാന്ധിയോട് പരാതിപ്പെട്ടു.

ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയപ്പോള്‍ നടുത്തളത്തിലിറങ്ങാന്‍ ശശി തരൂര്‍ വിസമ്മതിച്ചു. സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം അതിനു തയ്യാറായില്ല. സമ്മര്‍ദം ശക്തമായപ്പോള്‍ തരൂര്‍ സീറ്റില്‍നിന്നെഴുന്നേറ്റ് പുറത്തേക്കു പോയി.

തന്നെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് തരൂരിന്റെ പ്രതികരണം. ബംഗ്ലാദേശ് എം.പി.മാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താന്‍ സഭയില്‍നിന്നും പുറത്തു പോയത്. തന്നേക്കാള്‍ മുമ്പേ സഭയില്‍ നിന്നിറങ്ങിയ കൊടിക്കുന്നില്‍ സുരേഷിനും അശോക് ചവാനുമെതിരെ ഇത്തരത്തില്‍ ആരോപണമുന്നയിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മറ്റു കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം പങ്കെടുക്കാത്തതിനെക്കുറിച്ച് തരൂര്‍ പ്രതികരിച്ചില്ല.