അരവണ നിര്‍മാണം പുനരാരംഭിച്ചു

aravana

ഗുണനിലവാരമുള്ള കല്‍ക്കണ്ടം ഇല്ലാത്തതിനെ തുടര്‍ന്നു നിര്‍ത്തിവച്ച അരവണ നിര്‍മാണം രാത്രി ഏറെ വൈകി പുനരാരംഭിച്ചു. കരാറുകാരായ കുമളി ഹൈറേഞ്ച് സൊസൈറ്റി എത്തിച്ച ഉണക്ക മുന്തിരിക്കും കല്‍ക്കണ്ടത്തിനും നിശ്ചിത ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സന്നിധാനത്ത് ഉണ്ടായിരുന്ന കല്‍ക്കണ്ടം പൂര്‍ണമായും തീര്‍ന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച അരവണ നിര്‍മാണം നിര്‍ത്തിയത്. അടിയന്തരമായി 10,000 കിലോഗ്രാം കല്‍ക്കണ്ടത്തിന് റെയിഡ്‌കോയ്ക്കും 25,000 കിലോഗ്രാമിന് മാര്‍ക്കറ്റ്‌ഫെഡിനും ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കി. ഇരു സ്ഥാപനങ്ങളും ഇന്നലെ ആദ്യ ലോഡുകള്‍ എത്തിച്ചു. ഇതിനു പുറമേ ദേവസ്വം അധികൃതര്‍ നേരിട്ടും വാങ്ങി. അരവണ നിര്‍മാണം ഇന്നലെ പകല്‍ തുടങ്ങാന്‍ കഴിയുമെന്നായിരുന്നു ദേവസ്വത്തിന്റെ പ്രതീക്ഷ.

അതിനായി കൂട്ടു തയാറാക്കി കാത്തിരുന്നു. പുതിയ കരാറുകാര്‍ കൊണ്ടുവന്ന കല്‍ക്കണ്ടം പമ്പയിലെ ലബോറട്ടറിയില്‍ ഗുണനിലവാര പരിശോധന നടത്തി. ഫലം കിട്ടാന്‍ കാത്തിരുന്നതിനാല്‍ രാത്രിയില്‍ മാത്രമാണ് എത്തിക്കാന്‍ കഴിഞ്ഞത്. അതിനാലാണ് അരവണ നിര്‍മാണം പുനരാരംഭിക്കാന്‍ വൈകിയത്