മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ കാണാന്‍ കേരളത്തിന്റെ തീരുമാനം

mullaperiyar1

മുല്ലപ്പെരിയാര്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കേരളത്തിന്റെ തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കിയതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനും ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജലവിഭവ മന്ത്രി എന്നിവരടങ്ങുന്ന സംഘമാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയെന്ന് മന്ത്രിമാരായ തീരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ജെ. ജോസഫും ഇന്നലെ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന മറുപടിക്ക് അനുസരിച്ചായിരിക്കും സന്ദര്‍ശന തിയ്യതി പ്രഖ്യാപിക്കുക. തുടര്‍ന്ന് ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി പഠനം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. 136 അടിക്ക് മേല്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്ന 1979 ല്‍ കേന്ദ്ര ജല കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും യോഗം പ്രഖ്യാപിച്ചു.

അതേസമയം ജലനിരപ്പ് ഉയര്‍ത്തിയതിലൂടെ 108 ഹെക്ടര്‍ നിത്യഹരിത വനവും 147 ഹെക്ടര്‍ വനഭൂമിയും 213 ഹെക്ടര്‍ ചതുപ്പ് നിലവും വെള്ളത്തിനടിയിലാവുകയും രണ്ട് ആദിവാസി ഊരുകള്‍ കുടിയൊഴിപ്പിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നാല് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണിതെന്നും ഇക്കാര്യം ഉന്നയിച്ച് ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.