ഉത്പാദനം കുറക്കേണ്ടെന്ന് ഒപെക്: എണ്ണവില താഴുന്നു

opec

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 71.25 ഡോളറിലേക്ക് താഴ്ന്നു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനം കുറയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതാണ് വില വീണ്ടും കുറച്ചത്. തീരുമാനം പുറത്തുവന്നതോടെ എണ്ണവിലയില്‍ ആറ് ഡോളറിന്റെ കുറവാണുണ്ടായത്.

വില പിടിച്ചുനിര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഉത്പാദനം കുറയ്ക്കാനുള്ള നിര്‍ദേശം  സൗദി അറേബ്യ എതിര്‍ത്തതിനെ തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2010 ആഗസ്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ് ഇപ്പോള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ വില 30 ശതമാനമാണ് കുറവുണ്ടായത്.

ഇതോടെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറയാന്‍ കളമൊരുങ്ങിയിരിക്കുകയാണ്. ബെന്റ് ക്രൂഡിന്റെ വില 60 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ പെട്രോളിന്റെ വില 60 രൂപ വരെയായി കുറയാം.2011 ഡിസംബറിലെ തീരുമാനപ്രകാരം 30 മില്യണ്‍ ബാരല്‍ എണ്ണയാണ് പ്രതിദിനം ഒപെക് രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. അള്‍ജീരിയ, അങ്കോള, ഇക്വഡോര്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, ലിബിയ, നൈജീരിയ, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, വെനസ്വേല എന്നീ രാജ്യങ്ങളാണ് ഒപെകില്‍ ഉള്ളത്.