സൗജന്യ വിമാനയാത്ര: ഉന്നതര്‍ക്കെതിരെ തെഹല്‍ക്ക വെളിപ്പെടുത്തല്‍

tehelka

മുന്‍കേന്ദ്രമന്ത്രിമാരും രാഷ്ട്രീയക്കാരുടെ ഉറ്റബന്ധുക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ വിമാനക്കമ്പനികളെ സ്വാധീനിച്ച് സൗജന്യയാത്ര നടത്തിയെന്ന് തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍.

മുന്‍കേന്ദ്രമന്ത്രി അജിത് സിങ്, കമല്‍നാഥ്, പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷന്‍ തുടങ്ങിയ പ്രമുഖരുടെ പേര് റിപ്പോര്‍ട്ടിലുണ്ട്. ജെറ്റ് എയര്‍വേയ്‌സിനെ കേന്ദ്രീകരിച്ചാണ് തെഹല്‍ക്ക അന്വേഷണം നടത്തിയത്. വ്യോമയാന ഡയരക്ടര്‍ ജനറലായിരിക്കെ ഇ.കെ. ഭരത് ഭൂഷണും മറ്റ് ഒമ്പതുപേരും 2012 മാര്‍ച്ച് 21ന് ജെറ്റ് എയര്‍വേയ്‌സില്‍ നടത്തിയ യാത്രയുടെ ടിക്കറ്റിന്റെ പണമടച്ചത് ‘അക്കൗണ്ട്‌സ് 9 ഡബ്ല്യൂ’ എന്നാണ് എഴുതിയിട്ടുള്ളത്. വിമാനക്കമ്പനി സ്വയം പണമടച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് തെഹല്‍ക പറയുന്നു. ഭരത് ഭൂഷണും കുടുംബവും ഡല്‍ഹിയില്‍നിന്ന് അമൃത്സറിലേക്കും തിരിച്ചുമാണ് യാത്രനടത്തിയത്. ഇവര്‍ക്കായി മറ്റു യാത്രക്കാരെ തിരിച്ചിറക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

റോബര്‍ട്ട് വദ്രയും കുടുംബവും രാഷ്ട്രീയ-ഉദ്യോഗസ്ഥതലങ്ങളിലുള്ള സ്വാധീനമുപയോഗിച്ച് പത്തുതവണയെങ്കിലും സൗജന്യങ്ങള്‍ പറ്റി വിദേശയാത്ര നടത്തി. ഇേക്കാണമി ക്ലാസിലാണ് അദ്ദേഹവും സുഹൃത്ത് മനോജ് അറോറയും ടിക്കറ്റെടുക്കാറ്. ഇത് പിന്നീട് സ്വാധീനമുപയോഗിച്ച് മുന്തിയ ക്ലാസിലേക്ക് മാറ്റും.

ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് 78,090 രൂപയാണ് നിരക്ക്. എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ യാത്രചെയ്യുകവഴി 3,09560 രൂപയുടെ ആനുകൂല്യമാണ് ഇവര്‍ക്ക് ലഭിച്ചത്. ഒരുതവണ വദ്രയും അമ്മയും കുട്ടികളും ഉള്‍പ്പെടെ ഡല്‍ഹി-ലണ്ടന്‍, ഡല്‍ഹി-മിലന്‍ യാത്രയും ഇതേ രീതിയില്‍ നടത്തി. ഇേക്കാണമി ടിക്കറ്റെടുത്ത വദ്രയ്ക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റും കുട്ടികള്‍ക്കും അമ്മയ്ക്കും പ്രീമിയം ക്ലാസിലുമാണ് യാത്ര തരപ്പെടുത്തിയത്.

വ്യോമയാന സെക്യൂരിറ്റി ബ്യൂറോയില്‍ ഡെപ്യൂട്ടേഷനിലെത്തിയ പശ്ചിമബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥന്‍ മനോജ് മാളവ്യയാണ് പദവി ദുരുപയോഗപ്പെടുത്തിയ മറ്റൊരാള്‍. ഒരുലക്ഷംരൂപമാത്രം ചെലവിട്ട് ജെറ്റ് എയര്‍വേയ്‌സില്‍ ഇദ്ദേഹം 28 സ്ഥലങ്ങളിലേക്ക് കുടുംബസമേതം യാത്ര ചെയ്തു. ആറുകോടി രൂപയുടെ സൗജന്യമാണ് ഇതുവഴി ഉദ്യോഗസ്ഥന്‍ പറ്റിയത്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്.

മുന്‍വ്യോമയാനസെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ 2012- 14 കാലയളവില്‍ ഇടയില്‍ 50 സൗജന്യടിക്കറ്റുകള്‍ കൈപ്പറ്റി. ആറുകോടിയോളം രൂപയാണ് ഇതിന്റെ മൂല്യം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുന്‍ചെയര്‍മാന്‍ വി.പി. അഗര്‍വാള്‍ നാലുകോടിയോളം രൂപയുടെ സൗജന്യയാത്ര ജെറ്റ് എയര്‍വേയ്‌സില്‍ നടത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍ചെയര്‍മാന്‍ അലോക് സിന്‍ഹ, ഡി.ജി.സി.എ ജോയന്റ് സെക്രട്ടറി ലളിത് ഗുപ്ത എന്നിവരാണ് സൗജന്യയാത്ര നടത്തിയ മറ്റുള്ളവര്‍.

സ്വകാര്യകമ്പനികള്‍ക്ക് പ്രമുഖര്‍ മുന്തിയ ക്ലാസ്സിലേക്ക് ടിക്കറ്റ് മാറ്റിനല്‍കാനുള്ള സൗകര്യമുണ്ടെങ്കിലും ജനസേവകര്‍ ഇത്തരത്തില്‍ ചെയ്യുന്നത് പദവി ദുരുപയോഗംചെയ്യലാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.