KSRTC കേരളത്തിന് നഷ്ടമായേക്കും ?

ksrtc2

‘കെഎസ്ആര്‍ടിസി’ എന്ന പേരിനുവേണ്ടി കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ തമ്മിലുള്ള പോരു മുറുകുന്നു. ഇരു സംസ്ഥാനങ്ങളിലും റോഡുഗതാഗത കോര്‍പറേഷന്‍ കെഎസ്ആര്‍ടിസി എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും കര്‍ണാടക ഒരുവര്‍ഷം മുന്‍പു പേരു തങ്ങളുടേതാക്കി റജിസ്റ്റര്‍ ചെയ്തതാണു തര്‍ക്കത്തിനു വഴിതുറന്നത്. ഈ പേര് ഉപയോഗിക്കരുതെന്നു പറഞ്ഞു കര്‍ണാടക കത്തെഴുതിയപ്പോഴാണു കേരളത്തിലെ അധികൃതര്‍ക്കു ഗൗരവം മനസ്സിലായത്. തങ്ങളുടെ സമ്മതമില്ലാതെയാണു പേരു സ്വന്തമാക്കിയതെന്നും പ്രശ്‌നം നിയമപരമായി നേരിടുമെന്നും കേരള ആര്‍ടിസി എംഡി ആന്റണി ചാക്കോ പറഞ്ഞു. കര്‍ണാടകയെക്കാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ കെഎസ്ആര്‍ടിസി എന്ന പേരു കേരളത്തിനു സ്വന്തമാണ്.

സംസ്ഥാന രൂപീകരണത്തിനു മുന്‍പേ നിലവിലുള്ള പൊതുഗതാഗത കോര്‍പറേഷന്‍ ‘കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എന്ന പേരു സ്വീകരിച്ചത് 1965ലെ വിജ്ഞാപനത്തിലൂടെയാണ്. അന്നു മുതല്‍ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കുന്നു. കര്‍ണാടക ആര്‍ടിസി 1974ല്‍ ആണു സ്ഥാപിതമായത്. പക്ഷേ, ആദ്യം പേര് ഉപയോഗിച്ചത് ആരെന്നതല്ല, അതു റജിസ്റ്റര്‍ ചെയ്തത് ആരെന്നതാണു പ്രസക്തമെന്നു കര്‍ണാടക വാദിക്കുന്നു.

ബ്രാന്‍ഡിന്റെ അവകാശം ഉന്നയിച്ചു കഴിഞ്ഞ വര്‍ഷമാണു കര്‍ണാടക അപേക്ഷ നല്‍കിയത്. അധികം വൈകാതെ പേര് അനുവദിച്ചുനല്‍കുകയും ചെയ്തു. ഒരേ പേരില്‍ രണ്ടു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടാമത്തേതിന് എതിര്‍പ്പുന്നയിക്കാന്‍ അവസരം പോലും നല്‍കാതെ എങ്ങനെ ഇത്രവേഗം പേര് അനുവദിച്ചെന്നാണു കേരളത്തിന്റെ ചോദ്യം.
കര്‍ണാടകയ്ക്കു റജിസ്‌ട്രേഷന്‍ അനുവദിച്ചതിലെ പൊരുത്തക്കേടുകള്‍ റജിസ്ട്രാറെ ബോധ്യപ്പെടുത്തുമെന്ന് ആന്റണി ചാക്കോ പറഞ്ഞു. ഇതിനായി അഭിഭാഷകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

കേന്ദ്രത്തിനു കീഴിലുള്ള കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഡിപ്പാര്‍ട്‌മെന്റില്‍ എതിര്‍പ്പ് ഉടന്‍ സമര്‍പ്പിക്കും.