മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി

hosni mubarak

2011ലെ മുല്ലപ്പൂ വിപ്‌ളവത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല നടത്തിയെന്ന കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി. മുബാറക്കിനെതിരായ അഴിമതി, കൊലപാതകം, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളും കോടതി ഒഴിവാക്കി.

മൂന്ന് പതിറ്റാണ്ട് നീണ്ട മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ 846 പേരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ സൈനികമായി നേരിട്ടതിനെ തുടര്‍ന്നാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ 239 പേരുടെ മരണമാണ് കോടതി പരിഗണിച്ചത്. മുബാറക്കിന്റെ മക്കളായ അലായുടേയും ജമാലിന്റെയും പേരിലുള്ള അഴിമതി കേസ് തള്ളുകയും മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ ആദ് ലിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി 2012ല്‍ സാങ്കേതികമായി സ്‌റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടന്ന പുനര്‍വിചാരണയിലാണ് വിധി വന്നിരിക്കുന്നത്. 2013 മെയിലാണ് കേസിന്റെ പുനര്‍വിചാരണ ആരംഭിച്ചത്.