ഡിസംബര്‍ ഒന്ന് ലോക എയ് ഡ്‌സ് ദിനം

aids red ribbon

ഇന്ന് ലോക എയ്ഡ്‌സ് ദിനം. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്‌സില്ലാത്ത തലമുറ എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോളക്ക് മുന്നില്‍ ലോകം ഇന്ന് പകച്ച് നില്‍ക്കുന്നതിന് തുല്യമായിരുന്നു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് എയ്ഡ്‌സ് എന്ന മഹാവ്യാധിയെ തിരിച്ചറിഞ്ഞ നിമിഷവും. മരുന്നും ചികിത്സയും പ്രതീക്ഷയും ഇല്ലാതിരുന്ന ആ നിമിഷത്തില്‍ നിന്ന് ലോകം വളരെധികം മുന്നേറി കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും എച്ച്‌ഐവി വ്യാപനം ഒരു പരിധി വരെ കുറയ്ക്കാനായി. 1981 ല്‍ ആദ്യമായി അമേരിക്കയിലാണ് എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകത്തെ കാര്‍ന്ന് തിന്ന മാരക വൈറസ് ഏകദേശം നാല് കോടിയോളം ജീവനുകള്‍ എടുത്തു. കഴിഞ്ഞ വര്‍ഷം മാത്രം 15 ലക്ഷം ആളുകളാണ് എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. 25 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിവര്‍ഷം എയ്ഡ്‌സ് ബാധിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോക എയ് ഡ്‌സ് ദിനാചരണത്തിന്റെ 26 ആം വര്‍ഷത്തില്‍ നാല് കോടിയോളം എച്ച്‌ഐവി ബാധിതര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അരലക്ഷത്തോളം പേര്‍ കേരളത്തിലാണ്. 1988 മുതലാണ് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്. എയ്ഡ്‌സിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സ, അവബോധം, അന്താരാഷ്ട്ര സഹകരണം എന്നിവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. എച്ച്‌ഐവി നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവ!ര്‍ത്തനങ്ങള്‍ക്കും രോഗബാധിതര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിനും ദിനാചരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്. എച്ച്‌ഐവി ബാധിതരോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്‌സില്ലാത്ത തലമുറ എന്നാണ് ഈ വര്‍ഷത്തെ സന്ദേശം. 2030 ഓടെ ഈ മഹാമാരിയെ തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യം. പൂജ്യത്തിലേക്ക് എന്ന ആ ലക്ഷ്യത്തിലൂടെ നല്ല നാളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമവും.