സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടെന്ന് എം.എ.ബേബി

ma baby

സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടെന്നും മേനിനടിച്ചിട്ട് കാര്യമില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായത്. കേരളത്തില്‍ നാലു സീറ്റില്‍നിന്ന് എട്ടായി കൂടിയെങ്കിലും അന്നത്തെ രാഷ്ടീയ സാഹചര്യത്തില്‍ അതിലേറെ നേടാമായിരുന്നു. സ്വയം വിമര്‍ശനപരമായി ഇക്കാര്യങ്ങള്‍ വിലയിരുത്തണമെന്നും ബേബി പറഞ്ഞു. ഏറ്റുമാനൂരില്‍ നടക്കുന്ന പാര്‍ട്ടി ജില്ലാസമ്മേളനത്തില്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ,സംസ്ഥാന രാഷ്ടീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ ബേബി നരേന്ദ്രമോദി സര്‍ക്കാരിനെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റവാളി മാത്രമല്ല കുറ്റവാളികളുടെ സംരക്ഷകനുമാണ്. സരിതയും സലിംരാജുമൊക്കെ ഈ ഭരണത്തില്‍ ഐ.എ.എസ്. ഓഫീസര്‍മാരെപ്പോലെ വിലസുകയാണ്. സോളാര്‍ വിഷയത്തില്‍ പരാതിക്കാരനായ ശ്രീധരന്‍നായരോട് മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെടരുതെന്ന് പറഞ്ഞ പോലീസ് ടി.പി.ചന്ദ്രശേഖരന്‍ വധ കേസില്‍ സി.പി.എം. ഉന്നതനേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി.

കഴിഞ്ഞസര്‍ക്കാര്‍ നടപ്പാക്കിയ പുരോഗമന നടപടികളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചതായി ബേബി ആരോപിച്ചു. ഭൂപരിഷ്‌കരണ നിയമവും തണ്ണീര്‍ത്തട നിയമവുമെല്ലാം ഇവയില്‍ പെടും. ആദിവാസികള്‍ വംശനാശ ഭീഷണിയിലാണ്. നിര്‍ലജ്ജം നിയമംലംഘിക്കന്ന മന്ത്രിയാണ് നിയമമന്ത്രി കെ.എം.മാണിയെന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്രഭരണത്തില്‍ ആര്‍.എസ്.എസ്. പിടി മുറുക്കുകയാണ്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ ഭരണം നിയന്ത്രിക്കുന്നു. വര്‍ഗീയതയും ജനവിരുദ്ധ സാമ്പത്തിക നയങ്ങളും അമിതാധികാരപ്രയോഗവുമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രകള്‍.
പി.ബിഅംഗം കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍ എം.പി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി.കെ.ബിജു എം.പി, എം.സി.ജോസഫൈന്‍ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.