തീവ്രവാദികള്‍ക്ക് സോഷ്യല്‍മീഡിയ സഹായമുണ്ടെന്ന് ഒബാമ

obama

ലോകത്ത് തീവ്രവാദ  ഗ്രൂപ്പുകള്‍ക്ക് സഹായം ചെയ്യുന്നത് സോഷ്യല്‍ മീഡിയയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സോഷ്യല്‍ മീഡിയയില്‍ ഈ ഗ്രൂപ്പുകള്‍ ശക്തരാണെന്നും, എന്നാല്‍ ആയുധം കൊണ്ടു മാത്രം തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനാവില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

അമേരിക്ക സന്ദര്‍ശിച്ച ബ്രിട്ടീഷ്  പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമൊത്ത് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീവ്രവാദ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി തഴച്ചു വളരുന്നുവെന്ന ഒബാമയുടെ പ്രസ്താവന. ഫ്രാന്‍സിലടക്കം തുടര്‍ച്ചയായുണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പുറമെ, അമേരിക്കന്‍ സൈന്യത്തിന്റെ വെബ്‌സൈറ്റുകളും മറ്റും ഇസ്ലാമിക് സ്‌റ്റേറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രസ്താവന.

തീവ്രവാദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യാന്‍ അമേരിക്കയ്ക്ക് സുശക്തമായ സംവിധാനങ്ങളും വൈഭവവുമുണ്ടെന്ന് പ്രഖ്യാപിച്ച ഒബാമ പക്ഷെ, ആയുധം കൊണ്ട് മാത്രം തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയത് ശ്രദ്ധേയമായി.

തുടര്‍ച്ചയായുണ്ടാ ഭീകരാക്രമണങ്ങള്‍ക്ക് പുറമെ  കഴിഞ്ഞ ദിവസം പാരീസില്‍ വീണ്ടുമുണ്ടായ ബന്ദി നാടകവും ബെല്‍ജിയത്തില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതിയും യൂറോപ്പിനെയാകെ വീണ്ടും ഭീതിയിലാഴ്ത്തിയിരുന്നു.