ബാര്‍ കോഴ: ഫോണ്‍ സംഭാഷണം പുറത്ത്‌

bar1

ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ്, ബാലകൃഷ്ണ പിള്ളയും പി.സി ജോര്‍ജുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി. നവംബര്‍ ഒന്നിനും രണ്ടിനും രണ്ടുപേരേയും ബിജു രമേശ് അങ്ങോട്ട് വിളിക്കുന്ന സംഭാഷണങ്ങളാണ് പുറത്തായത്.

ബാര്‍കോഴ നടന്നതായി ബാലകൃഷണപിള്ള സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. കേസുമായി ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണമെന്നും ബാലകൃഷ്ണ പിള്ള ബിജു രമേശിനോട് ആവശ്യപ്പെടുന്നുണ്ട്.

താനും ഗണേഷ് കുമാറും കൂടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയപ്പോള്‍ ബാര്‍ കോഴയെക്കുറിച്ച് പച്ചയ്ക്ക് പറഞ്ഞതാണ്. എല്ലാം താടിയില്‍ കൈവെച്ച് ഉമ്മന്‍ ചാണ്ടി കേട്ടു. 15 കോടിയാണ് വാങ്ങിയതെന്നും ഓരോ ബാറുകാരോടും രണ്ടു ലക്ഷവും മൂന്ന് ലക്ഷവും വെച്ച് വാങ്ങിയെന്നും കൊട്ടാരക്കരയിലെ ബാറുകാരോടെല്ലാം പിരിച്ച കാര്യം തനിക്കറിയമെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും ബാലകൃഷ്ണപിള്ള ഫോണിലൂടെ ബിജുവിനോട് പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് സ്വര്‍ണ്ണക്കടക്കാരോട് കെ.എം മാണി 19 കോടി രൂപ വാങ്ങിയെന്നും റൈസ് മില്ലുകാരോട് രണ്ടു കോടി വാങ്ങിയെന്നും ബാലകൃഷ്ണപിള്ള സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

സംസ്ഥാന നിയമ മന്ത്രിക്കെതിരെ ഇവിടുത്തെ പോലീസ് അന്വേഷണം പ്രഹസനമാകുമെന്ന് കാണിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി കൊടുക്കണമെന്നും ബാലകൃഷ്ണ പിള്ള ബിജുവിനോട് ആവശ്യപ്പെടുന്നു. ആരോപണവുമായി ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുത്. അത് ഇന്റഗ്രിറ്റിയുടെ പ്രശ്‌നമാണ്. തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും ബാലകൃഷ്ണപിള്ള ബിജു രമേശിന് ഉറപ്പ് കൊടുക്കുന്നുണ്ട്.

പി.സി ജോര്‍ജിനെ വിളിക്കുന്ന ബിജു രമേശിനോട് നമുക്കൊന്ന് കാണണമെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇല്ലെന്നും നാലിനോ അഞ്ചിനോ കാണാമെന്നും പി.സി ജോര്‍ജ് പറയുന്നു. എന്നാല്‍ അന്ന് അച്ഛന്റെ ആണ്ടായതിനാല്‍ താന്‍ എറണാകുളത്താണെന്നും അന്ന് കാണാനാകില്ലെന്നുമാണ് ബിജു രമേശിന്റെ മറുപടി. മാണിസാറിന്റെ രക്ഷയ്ക്ക് വേണ്ടി താന്‍ പലതും പറഞ്ഞിട്ടുണ്ടാകും, അതില്‍ കാര്യമില്ല. പ്രത്യക്ഷത്തില്‍ താന്‍ മാണി സാറിനൊപ്പമാണെന്നറിയാമല്ലോ. നേരില്‍ കാണുമ്പോള്‍ കൂടുതല്‍ പറയാമെന്നും പി.സി ജോര്‍ജ് പറയുന്നുണ്ട്.

ഞാന്‍ പറഞ്ഞതെല്ലാം വാസ്തവമാണെന്ന് ചേട്ടനറിയാമല്ലോ എന്ന് ബിജു രമേശ് ചോദിക്കുമ്പോള്‍ അതിന് മറുപടിയായി പി.സി ജോര്‍ജ് ചിരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. ഫോണ്‍ സംഭാഷണം തന്റേത് തന്നെയാണെന്നും ബിജു രമേശ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും ബാലകൃഷ്ണപിള്ള പിന്നീട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.