സുനന്ദയുടെ കൊലപാതകം: തരൂരിനെ ചോദ്യംചെയ്തു

shashi tharoor1

സുനന്ദ പുഷ്‌കര്‍ കൊല ക്കേസില്‍, ഭര്‍ത്താവും മുന്‍മന്ത്രിയുമായ ശശി തരൂരിനെ തിങ്കളാഴ്ചരാത്രി ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. പ്രത്യേകാന്വേഷണ സംഘത്തിന്റെ വസന്ത് വിഹാറിലുള്ള ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. അഡീഷണല്‍ ഡി.സി.പി. പി.എസ്. കുശ്വാഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്.

വൈകിട്ട് ഡല്‍ഹിയിലെത്തിയ തരൂര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോലീസിന് മുന്നില്‍ ഹാജരായത്. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കാളിയാകാന്‍ ക്രിമിനല്‍ നടപടിച്ചട്ടം 160 പ്രകാരം തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചിരുന്നു.

തരൂരടക്കം 12 പേര്‍ നേരത്തേ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. വരുംദിവസങ്ങളില്‍ അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സുനന്ദ മരിച്ച ദിവസത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരശേഖരണംമാത്രമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു.

ഒരുകൊല്ലത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഈ മാസം ആദ്യം സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തി. സരോജിനിനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണകാരണം വിഷമാണെന്നും അത് കുടിപ്പിച്ചതോ കുത്തിവെച്ചതോ ആകാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തരൂര്‍-സുനന്ദ ദമ്പതിമാരുടെ ഡല്‍ഹിയിലേക്കുള്ള അവസാന വിമാന യാത്രയിലുണ്ടായിരുന്ന മുന്‍ വാര്‍ത്താവിതരണമന്ത്രി മനീഷ് തിവാരിയെയും ചോദ്യംചെയ്‌തേക്കും.

തരൂരിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അഭിനവ് കുമാറില്‍നിന്നും സുനന്ദ അവസാനമായി സംസാരിച്ച മാധ്യമപ്രവര്‍ത്തകയായ നളിനി സിങ്ങില്‍ നിന്നും മൊഴിയെടുക്കും. അഭിനവ് കുമാറാണ് സുനന്ദ ലീലാഹോട്ടല്‍ പാലസില്‍ മരിച്ചു കിടക്കുന്ന വിവരം സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ ജനവരി 17-ന് രാത്രി വിളിച്ചുപറഞ്ഞത്. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ അമേരിക്കയിലോ ലണ്ടനിലോ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.