ഡല്‍ഹിയില്‍ കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

kiran bedi

സംസ്ഥാന നേതാക്കളുടെ എതിര്‍പ്പ് വകവെക്കാതെ കിരണ്‍ ബേദിയെ ബി.ജെ.പി. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് ബേദിയെ സ്ഥാനാര്‍ഥിയാക്കിയ വിവരം അറിയിച്ചത്.

ഡല്‍ഹിയിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബേദിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ ശബ്ദിക്കരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതായി ബി.ജെ.പി. കേന്ദ്രങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുത്തു.
അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളില്‍ ഭാഗഭാക്കായിരുന്ന കിരണ്‍ ബേദി, ജനവരി 15-നാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഡല്‍ഹിയില്‍ വീണ്ടും മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ മുന്‍ സഹപ്രവര്‍ത്തകയാണിവര്‍. അണ്ണ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തില്‍ ബേദിക്കൊപ്പം കെജ്രിവാളും പങ്കാളിയായിരുന്നു. ബേദിയെ മുന്‍നിര്‍ത്തി മത്സരിച്ചാല്‍ ഡല്‍ഹി പിടിക്കാനാവുമെന്നാണ് ബി.ജെ.പി.യുടെ വിശ്വാസം .