മന്ത്രി മാണിക്ക് ഏഴുകോടി കൂടി നല്‍കിയതായി ബാറുടമകളുടെ ശബ്ദരേഖ

km mani

ധനകാര്യമന്ത്രി കെ.എം. മാണിക്ക് ബാറുടമകള്‍ ഒരു കോടിക്ക് പുറമേ ഏഴുകോടി രൂപ കൂടി നല്‍കിയതായി വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്. ബാറുടമകളുടെ സംഭാഷണങ്ങളടങ്ങിയ ശബ്ദരേഖയാണ് ചൊവ്വാഴ്ച രാത്രി പുറത്തായത്. മാണിക്ക് രണ്ടു തവണയായി ഏഴുകോടി നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗത്തിലാണ് അസോസിയേഷന്‍ ഭാരവാഹി അനിമോന്‍ വിശദീകരിക്കുന്നത്. ബാര്‍ കോഴ ആരോപണം ആദ്യമായി ഉന്നയിച്ച ബിജു രമേശ് ബുധനാഴ്ച വിജിലന്‍സിന് കൈമാറാന്‍ ഉദ്ദേശിക്കുന്ന ശബ്ദരേഖയിലാണ് ഈ സംഭാഷണമുള്ളത്.

അഞ്ചു കോടി രൂപ മാണിക്ക് വീട്ടിലെത്തി കൈമാറിയതായി അനിമോന്‍ പറയുന്നുണ്ട്. പുലര്‍ച്ചെ ഒരുമണിക്കാണ് പെട്ടിയിലാക്കി പണം കൈമാറിയത്. കാര്യം ഏറ്റെന്ന് മാണി പറഞ്ഞു. ഉറപ്പ് വേണമെന്ന് പണം നല്‍കിയവര്‍ ആവശ്യപ്പെട്ടു. പലിശയ്‌ക്കെടുത്ത പണമാണ് നല്‍കിയതെന്നും അനിമോന്‍ മാണിയോട് പറയുന്നുണ്ട്. രണ്ടു കോടി രൂപ നെടുമ്പാശ്ശേരിയില്‍ കാറില്‍വെച്ച് മാണിക്ക് കൈമാറിയെന്നും ശബ്ദരേഖയിലുണ്ട്. ഇതിനുമുമ്പ് മൂന്ന് തവണയായി ഒരു കോടി രൂപ നല്‍കിയതായി ബിജു രമേശ് നേരത്തെ പറഞ്ഞിരുന്നു.

അടച്ച 418 ബാറുകള്‍ തുറക്കാതിരിക്കാനും ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 312 ബാറുകള്‍ തുറക്കാനുമാണ് പണം നല്‍കിയത്. 30 കോടിരൂപ നല്‍കാനായിരുന്നു തീരുമാനമെന്നും ശബ്ദരേഖയില്‍ പറയുന്നു. രണ്ടുകോടി മാണിക്ക് നല്‍കിയ ശേഷമാണ് 418 ബാറുകള്‍ പൂട്ടിയത്. അനിമോന്‍, എലഗന്റ് ബിനോയ്, ജോമോന്‍ എന്നിവര്‍ ചേര്‍ന്ന് പണം നല്‍കിയെന്നും ശബ്ദരേഖയിലുണ്ട്.
കൊല്ലത്തെ സുനില്‍ സ്വാമി എന്ന വ്യവസായിയില്‍നിന്നാണ് പണം കടം വാങ്ങിയതെന്ന് അനിമോന്‍ പറയുന്നു. തങ്ങള്‍ക്ക് ഇതിനുള്ള ഗുണം ലഭിക്കണമെന്നും പണം കൈമാറുമ്പോള്‍ അനിമോന്‍ മാണിയോട് പറയുന്നുണ്ട്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് അനിമോന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. ബാര്‍ അസോസിയേഷനുമായി ചര്‍ച്ച നടത്താതെ ഉടമകള്‍ പണം നല്‍കാന്‍ തയ്യാറായതായി 22 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖയിലുണ്ട്.

നേരത്തെ പുറത്തുവന്നതില്‍നിന്ന് വ്യത്യസ്തമായി വന്‍ തുകകളുടെ കൈമാറ്റം സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനിമോന്‍ അടക്കമുള്ളവര്‍ കാലുമാറി വിജിലന്‍സിന് മൊഴി മാറ്റി നല്‍കിയെന്നതു കണ്ട് ബിജു രമേശാണ് ഇപ്പോള്‍ ശബ്ദരേഖ പുറത്തുവിട്ടത്.