കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിച്ചതിന് കെജ്രിവാളിന് തിര.കമ്മീഷന്‍ നോട്ടീസ്

kejriwal

കോണ്‍ഗ്രസ്സും ബി.ജെ.പി.യും നല്‍കുന്ന കൈക്കൂലി വാങ്ങിക്കൊള്ളാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. വോട്ടര്‍മാരെ പരസ്യമായി കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിച്ചത് പെരുമാറ്റച്ചട്ടലംഘനമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഉത്തംനഗറില്‍ ശനിയാഴ്ച നടത്തിയ പ്രസംഗത്തിലായിരുന്നു കെജ്രിവാളിന്റെ വിവാദപരാമര്‍ശം.

”ഇത് തിരഞ്ഞെടുപ്പ് സമയമാണ്. ബി.ജെപി.യിലും കോണ്‍ഗ്രസ്സിലുമുള്ളവര്‍ കൈക്കൂലി വാഗ്ദാനം ചെയ്യും. അവര്‍ തരുന്ന പണം വാങ്ങിക്കോളൂ. 2 ജി കുംഭകോണത്തില്‍നിന്ന് കല്‍ക്കരി കുംഭകോണത്തില്‍ നിന്നുമൊക്കെ തട്ടിയ പണമാണ്. പക്ഷെ, വോട്ട് ആം ആദ്മിക്ക് നല്‍കിയാല്‍ മതി” -ഇങ്ങനെയായിരുന്നു കെജ്രിവാളിന്റെ പ്രസംഗം. ഇത്തരത്തില്‍ കൈക്കൂലി വാങ്ങാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്നത് ജനപ്രാതിനിധ്യനിയമമനുസരിച്ച് കുറ്റകരമാണെന്ന് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

പ്രസംഗത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരാതി നല്‍കിയത് കണക്കിലെടുത്താണ് കമ്മീഷന്റെ നടപടി. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കമ്മീഷന്‍ കര്‍ശനമായ നടപടിയെടുക്കും. ഇത് രണ്ടാം നോട്ടീസാണ് കെജ്രിവാളിന് ലഭിക്കുന്നത്.

ബി.ജെ.പി. വര്‍ഗീയസംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചതിന് കമ്മീഷന്‍ കെജ്രിവാളിന് നോട്ടീസയച്ചിരുന്നു. ത്രിലോക്പുരിയിലും ബവാനയിലുമുള്ള വര്‍ഗീയസംഘര്‍ഷങ്ങളെ പരാമര്‍ശിച്ചായിരുന്നു പ്രസംഗം. തെളിവുകളൊന്നുമില്ലാതെ ആരോപണം ഉന്നയിച്ചതിന് ബി.ജെ.പി. നേതാക്കള്‍ കെജ്രിവാളിനെതിരെ കമ്മീഷന് പരാതി നല്‍കി.