സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കൂട്ടാന്‍ ശുപാര്‍ശ

petrol

പെട്രോളിനും ഡീസലിനും രാജ്യത്ത് വിലകുറഞ്ഞെങ്കിലും കേരളത്തില്‍ ഇനിയും നേരിയ തോതില്‍ കൂടും. ഇവയുടെ വില്പനനികുതി കൂട്ടാന്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ പെട്രോളിന് ലിറ്ററിന് 40 പൈസയും ഡീസലിന് 25 പൈസയും കൂടും. സംസ്ഥാന ബജറ്റ് മാര്‍ച്ച് 13 ന് അവതരിപ്പിക്കാനും ധനവകുപ്പ് തീരുമാനിച്ചു.

നവംബറിന് ശേഷം ഇത് നാലാം തവണയാണ് കേരളം പെട്രോളിനും ഡീസലിനും നികുതി കൂട്ടുന്നത്. ഏറ്റവും ഒടുവില്‍ ജനവരി രണ്ടിന് നികുതി കൂട്ടിയപ്പോള്‍ പെട്രോളിന് 58 പൈസയും ഡീസലിന് 44 പൈസയും വില കൂടിയിരുന്നു. കേന്ദ്രം അടിക്കടി എക്‌സൈസ് തീരുവയും സംസ്ഥാനം വില്പനനികുതിയും കൂട്ടുന്നതുകൊണ്ടുമാണ് ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും ജനത്തിന് മുഴുവന്‍ പ്രയോജനവും കിട്ടാത്തത്. ഇന്ധനവില കുറയുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനം കുറയും. ഇതൊഴിവാക്കാനാണ് നികുതി നിരക്ക് ഉയര്‍ത്തുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാവും ഇത്തവണ അവതരിപ്പിക്കുക. ജനവരിയില്‍ത്തന്നെ ബജറ്റ് അവതരിപ്പിച്ച് മാര്‍ച്ചിന് മുമ്പ് പാസ്സാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വാര്‍ഷിക പദ്ധതി രൂപവത്കരണത്തിലെ അനിശ്ചിതത്വവും ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍ േകാഴ വിവാദങ്ങളും കാരണം ബജറ്റവതരണം മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു.