ബാലകൃഷ്ണ പിള്ളയ്ക്കെതിരെ വിമര്‍ശനവുമായി വീക്ഷണം

balakrishna pillai

ബാര്‍കോഴക്കേസിൽ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. മന്ത്രിസഭയെ അസ്ഥിരപ്പെടുത്താന്‍ ആരുടെയോ കയ്യിലെ കരുവാകുന്നു. ഗണേഷ്കുമാറിനോളം രാഷ്ട്രീയ പക്വതപോലും ബാലകൃഷ്ണപിള്ളയ്ക്കില്ല. അഴിമതിക്കെതിരെ പ്രസംഗിക്കുന്ന പിള്ള സ്വന്തം ഭൂതകാലം വിസ്മരിക്കരുത്. കായകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് അഴിമതിക്കെതിരായ പിള്ളയുടെ നിലപാടെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന ഭീഷണി ഓലപ്പാമ്പു മാത്രമാണെന്നും പറയുന്നു.

മുഖപ്രസംഗം ഇങ്ങനെ :

പിള്ള തുള്ളിയാല്‍ മുട്ടോളം

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനും പൊറുക്കുന്ന പുരയ്ക്ക് തീ കൊളുത്തുന്നവനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഉപ്പും ചോറും തിന്നുന്ന ആര്‍ ബാലകൃഷ്ണപിള്ള ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരം ആത്മനാശ പ്രവര്‍ത്തനങ്ങളാണ്. യു ഡി എഫിന്റെ പ്രമുഖ നേതാവായ മന്ത്രി കെ എം മാണിക്കെതിരെ പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും മന്ത്രിസഭയെ അസ്ഥിരപ്പെടുത്താനും ആരില്‍നിന്നോ അച്ചാരം വാങ്ങിയ മട്ടിലാണ് പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍.

മറക്കാനും പൊറുക്കാനുമുള്ള യു ഡി എഫ് ഘടകകക്ഷികളുടെ മഹാമനസ്‌കത ബലഹീനതയായാണ് ബാലകൃഷ്ണപിള്ള കാണുന്നത്. ഭൂമിയോളം ക്ഷമിക്കുന്ന ഉമ്മന്‍ചാണ്ടിയല്ല കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതെങ്കില്‍ ബാലകൃഷ്ണപിള്ള ഇന്ന് രാഷ്ട്രീയ തിരസ്‌കാരത്തിന്റെ വൃദ്ധസദനത്തില്‍ അവഗണിക്കപ്പെട്ടു കഴിയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായി മാറുമായിരുന്നു. പണ്ട് പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയ പിള്ളയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച കെ കരുണാകരന്റെ ശൈലിയേ ഇത്തരക്കാരോട് പാടുള്ളൂ. മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിക്കുകയും മാണിയെ കുടുക്കാന്‍ കച്ചകെട്ടിയവര്‍ക്ക് ആവേശം പകരുകയും ചെയ്യുന്ന പിള്ളയുടെ വാക്കുകളും പ്രവര്‍ത്തികളും മുന്നണി മര്യാദക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയ പാരമ്പര്യത്തില്‍ കെ എം മാണിയേക്കാള്‍ ഒരു മുഴം മുന്നിലാണ് പിള്ളയെങ്കിലും രാഷ്ട്രീയ പക്വതയില്‍ മകന്‍ ഗണേഷ്‌കുമാറിനേക്കാള്‍ ബഹുകാതം പിന്നിലാണ് പിള്ള. ആ ചാപല്യമാണ് വായില്‍ തോന്നുന്നതെന്തും വിളിച്ചുകൂവാന്‍ പിള്ളയെ പ്രേരിപ്പിക്കുന്നത്.

അഴിമതിക്കെതിരെ അങ്കത്തിനൊരുങ്ങാനാണ് ബാലകൃഷ്ണപിള്ളയുടെ പുറപ്പാടെങ്കില്‍ അതിനെ ഏവരും പിന്തുണക്കും. പക്ഷെ; ഈ പുണ്യകര്‍മ്മത്തിനൊരുങ്ങും മുമ്പെ പിള്ള പൂര്‍വ ജീവിതത്തെക്കുറിച്ച് ഏറ്റുപറഞ്ഞ് പാപനാശിനിയില്‍ പോയി മൂന്നുവട്ടം മുങ്ങണമായിരുന്നു. തെളിയിക്കപ്പെട്ട് ശിക്ഷയേറ്റുവാങ്ങിയ ഇടമലയാര്‍ കേസിന്റെയും തെളിയിക്കപ്പെടാതെപോയ ഗ്രാഫൈറ്റ് കേസിന്റെയും പാപക്കറ കഴുകി ശുദ്ധിവരുത്തണം. പിള്ളയെ അഴിമതി കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചവര്‍ ഇപ്പോള്‍ പിള്ളയുടെ വാക്കുകള്‍ അമൃതവചനംപോലെ ഏറ്റുചൊല്ലുന്നതും വിരോധാഭാസമാണ്.

വായിലൊതുങ്ങാത്ത നാവും മറ്റുള്ളവരെ അംഗീകരിക്കാത്ത ധാര്‍ഷ്ട്യവും സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും  ബഹളക്കാരന്റെ പരിവേഷമാണ് പിള്ളയ്ക്ക് നല്‍കിയത്. കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പുകളില്‍ പിള്ളയുടെ പങ്ക് ചിലപ്പോള്‍ ചെറുതും മറ്റു ചിലപ്പോള്‍ വലുതുമായിരുന്നു. പാര്‍ട്ടി തകര്‍ത്തപോലെ മുന്നണി മാറുന്നതും ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ പാരമ്പര്യത്തിലെ നാഴികകല്ലുകളാണ്. പിള്ളയുടെ കുശുമ്പിനും കുന്നായ്മക്കും മാണിയെന്നോ സ്വന്തം മകനെന്നോ വ്യത്യാസമില്ല. ദീര്‍ഘകാലം മന്ത്രിയായ മാണിയെ എതിര്‍ക്കുന്ന അതേ പകയോടെയാണ് ഹ്രസ്വകാലം മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിനെ എതിര്‍ത്തതും. മകനെതിരെ വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തി പറയാന്‍ പിള്ള ഒട്ടും മടിച്ചിരുന്നില്ല.

കൊട്ടാരക്കരയെ നാട്ടുരാജ്യമാക്കി അവിടത്തെ കിരീടം വെയ്ക്കാത്ത രാജപദവി കൊണ്ടാടിയ പിള്ളയെ 2006-ലെ തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ വീഴ്ത്തിയതും 2011-ല്‍ പിള്ളയുടെ ബിനാമി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതും യു ഡി എഫിനോടുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല; പിള്ളയോടുള്ള വൈരാഗ്യം കൊണ്ടായിരുന്നു. യു ഡി എഫില്‍ തന്റെ ഗജകേസരിയോഗം കഴിഞ്ഞെന്ന് വിശ്വസിക്കുന്ന ബാലകൃഷ്ണപിള്ള പുതിയ മേച്ചില്‍സ്ഥലം തേടി പോവുകയാണെങ്കില്‍ പോകട്ടെ. പുറത്ത് പോയാല്‍ പലതും വിളിച്ചു പറയുമെന്ന ഭീഷണി ഓലപാമ്പ് മാത്രമാണ്. പുറത്തുപോയി പറയുന്നതിനേക്കാളേറെ അകത്ത് നിന്നുകൊണ്ട് പിള്ള പറഞ്ഞുകഴിഞ്ഞു.

ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിനായി നെറികെട്ട വഴികള്‍ ഉപയോഗിക്കുകയും ശിഖണ്ഡികളുമായി സഖ്യം സ്ഥാപിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ല. പരസ്പര വിശ്വാസത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കൂട്ടായ്മ എന്ന നിലയിലാണ് യു ഡി എഫ് എന്ന രാഷ്ട്രീയ പരീക്ഷണം രൂപംകൊണ്ടതും നാലര പതിറ്റാണ്ടുകള്‍ പിന്നിട്ടതും. കായങ്കുളം കൊച്ചുണ്ണി സത്യപ്രബോധനത്തിനിറങ്ങുന്ന പരിഹാസ്യതയാണ് പിള്ളയുടെ അഴിമതിവിരുദ്ധ നിലപാടുകള്‍ക്കുള്ളത്. പിള്ള തുള്ളിയാല്‍ മുട്ടോളം; പിന്നെ ചട്ടിയില്‍.