ഇറോം ഷര്‍മ്മിളയെ വിട്ടയക്കാന്‍ ഉത്തരവ്‌

sharmila

പതിനഞ്ചു വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മ്മിളയെ വിട്ടയക്കാന്‍ കോടതി ഉത്തരവ്.

ഇറോം ഷര്‍മ്മിളയുടെ മേല്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഇംഫാലിലെ ജില്ലാ കോടതി വിധിച്ചു. 2000 നവംബര്‍ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഷര്‍മ്മിള.

മണിപ്പൂരിലെ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ നാല് മുതല്‍ നിരാഹാര സമരം നടത്തുകയാണ് ശര്‍മിള.

രണ്ടാം തവണയാണ് ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ കോടതി ഇടപെടുന്നത്. നിരാഹാര സമരത്തെ ആത്മഹത്യാ ശ്രമമെന്നാരോപിച്ചാണ് ശര്‍മിളക്കെതിരെ നടപടി സ്വീകരിച്ചത്.

2000 നവംബറില്‍ അസം റൈഫിള്‍സ് ഭടന്‍മാര്‍ ഇംഫാലില്‍ 10 പേരെ വെടിവെച്ചുകൊന്നതിനെത്തുടര്‍ന്നാണ് അഫ്‌സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശര്‍മിള അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. സമരം തുടങ്ങി മൂന്നാംനാള്‍ അവരെ അറസ്റ്റുചെയ്തു. ‘ആസ്പത്രി ജയിലി’ലാക്കിയ അവര്‍ക്ക് മൂക്കിലൂടിട്ട കുഴല്‍ വഴി നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുകയായിരുന്നു. ഉറ്റകുടുംബാംഗങ്ങള്‍ക്കുപോലും സന്ദര്‍ശനവിലക്കുണ്ടായിരുന്നു. സന്ദര്‍ശകര്‍ മണിപ്പുര്‍ ആഭ്യന്തരസെക്രട്ടറിയുടെ അനുമതി വാങ്ങണമെന്നായിരുന്നു ചട്ടം.