ഐപിഎൽ: ഒത്തുകളിയില്‍ മെയ്യപ്പനും കുന്ദ്രെക്കും പങ്ക്; ശ്രീനിവാസന് മല്‍സരിക്കാനാകില്ല

sc of india

ഐ.പി.എല്‍ ഒത്തുകളിയില്‍ ചെന്നെ സൂപ്പര്‍കിങ്‌സ് ഉടമകളിലൊരാളായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്രെക്കും പങ്കെന്ന് സുപ്രീംകോടതി. മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതും കോടതി വിലക്കി.

2008 ല്‍ ശ്രീനിവാസന് ബി.സി.സി.ഐ നേതൃസ്ഥാനത്തെത്താന്‍ കൊണ്ടുവന്ന ഐ.പി.എല്‍ നിയമഭേദഗതിയും കോടതി റദ്ദാക്കി. ഇരട്ട താത്പര്യമുള്ള വിധിയെന്നാണ് ഇതിനെ കോടതി വിശേഷിപ്പിച്ചത്.

മെയ്യപ്പനും കുന്ദ്രേക്കും ഇവരുടെ ടീമുകള്‍ക്കുമുള്ള ശിക്ഷ വിധിക്കാന്‍ ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജൂഡീഷ്യല്‍ സമിതിയെ ചുമതലപ്പെടുത്തി. ആറുമാസമാണ് സമിതിക്ക് കോടതി സമയമനുസരിച്ചിരിക്കുന്നത്. സമിതിയുടെ വിധി അന്തിമമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ആറാഴ്ചക്കുള്ളില്‍ ബി.സി.സി.ഐ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മെയ്യപ്പനും കുന്ദ്രെക്കുമെതിരെ കോടതി കര്‍ശന നടപടി സ്വീകരിച്ചാല്‍ ഇരു ടീമുകളുടേയും ഭാവി അവതാളത്തിലാകും.

വാതുവെപ്പ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുഗള്‍ മുഗ്ദല്‍ കമ്മിറ്റിയുടെ അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നും കോടതി പറഞ്ഞു. 130 പേജുള്ള വിധിന്യായം വായിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബി.സി.സി.ഐ പൊതുസ്ഥാപനമാണ്. ബി.സി.സിയുടെ നടപടികള്‍ നീതിന്യായ വ്യവസ്ഥക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.

മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഉടമയല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ നേരത്തേ ശ്രമിച്ചിരുന്നു. അദ്ദേഹം ടീമിന്റെ പ്രിന്‍സിപ്പലാണ് എന്നായിരുന്നു ശ്രീനിവാസന്റേയും കൂട്ടരുടേയും വാദം.

മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.