സൗദി രാജാവ് അബ്ദുള്ള അന്തരിച്ചു

king abdullah

സൗദി ഭരണാധികാരിയും ഇരു തിരുഗേഹങ്ങളുടെ സേവകനുമായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് (90) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സൗദി സമയം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഡിസംബര്‍ 31 നാണ് ന്യൂമോണിയയെത്തുടര്‍ന്ന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്(79) പുതിയ രാജാവായി സ്ഥാനമേല്‍ക്കും. അന്തരിച്ച രാജാവിന്റെ അര്‍ധ സഹോദരന്‍ മുഖ്‌റിനാണ് പുതിയ കിരീടാവകാശി.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നേക്കും. പുതിയഭരണാധികാരിയുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങും ഇന്ന് തന്നെ നടക്കും.രാജാവിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അനുശോചിച്ചു.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ 37 മക്കളില്‍ 13 ാമനാണ് അബ്ദുള്ള രാജാവ്. മാതാവ് ഫഹ്ദ രാജാവിന്റെ 16 ഭാര്യമാരില്‍ എട്ടാമത്തെയാളായിരുന്നു. കൊട്ടാരത്തിലെ ഇസ്ലാമിക് സ്‌കൂളില്‍ നിന്ന് മതവിദ്യാഭ്യാസവും സാഹിത്യവും ശാസ്ത്രവും പഠിച്ച അബ്ദുള്ള രാജാവ് 1961 ല്‍ മക്കയുടെ മേയറായി ഭരണരംഗത്ത് തുടങ്ങി. 1962 ല്‍ സൗദി നാഷണല്‍ ഗാര്‍ഡിന്റെ കമാന്‍ഡറായി. 1975 ല്‍ അധികാരമേറ്റ ഖാലിദ് രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ഉപപ്രധാനമന്ത്രിയാക്കി ഉയര്‍ത്തി.

1970 കളില്‍ അമേരിക്കയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു അബ്ദുള്ള. 1980 ല്‍ ജോര്‍ദ്ദാനും സിറിയയും തമ്മിലുണ്ടാകേണ്ടിയിരുന്ന യുദ്ധം ഇല്ലാതാക്കാന്‍ ഇടപെട്ടതിലൂടെ നയതന്ത്ര രംഗത്തും അദ്ദേഹം സുസമ്മതനായി. 1982 ല്‍ കരീടാവകാശിയും ആദ്യ ഉപപ്രധാനമന്ത്രിയുമായി. അര്‍ധസഹോദരനായ ഫഹദ് രാജാവിന്റെ മരണത്തെ തുടര്‍ന്ന് 2005 ആഗസ്ത് ഒന്നിനാണ് അദ്ദേഹം രാജാവായി സ്ഥാനമേറ്റത്.
ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യത്തിന്റെ അധിപനായി ഒരു ദശാബ്ദക്കാലം അദ്ദേഹം ഭരണം നടത്തി.