വിവാദപ്രസംഗത്തില്‍ കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

kejriwal

ബി.ജെ.പി. വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചെന്ന് പ്രസംഗിച്ചതിന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ ശാസന. കെജ്രിവാളിന്റെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

അതേസമയം, കോണ്‍ഗ്രസ്സില്‍നിന്നും ബി.ജെ.പി.യില്‍ നിന്നും പണം വാങ്ങിക്കൊള്ളാനും വോട്ട് ആം ആദ്മിക്കു നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് കെജ്രിവാള്‍ നടത്തിയ വിവാദപ്രസംഗത്തില്‍ ഇതുവരെ നടപടിയായിട്ടില്ല. ഇക്കാര്യത്തില്‍ നോട്ടീസയച്ച കമ്മീഷന്‍ വിശദീകരണത്തിന് കൂടുതല്‍ സമയവും അനുവദിച്ചിരുന്നു. ഇതിനായി പുതിയ നോട്ടീസും നല്‍കും.

ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് ബി.ജെ.പി.യാണ് ഉത്തരവാദികളെന്നായിരുന്നു കെജ്രിവാളിന്റെ പ്രസംഗം. യാതൊരു തെളിവുമില്ലാതെയാണ് കെജ്രിവാളിന്റെ പരാമര്‍ശമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ കമ്മീഷനു മുമ്പാകെ പരാതിപ്പെട്ടു. ഇത്തരമൊരു പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായി അറിയിച്ച കമ്മീഷന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ശാസിക്കുന്നതായി കെജ്രിവാളിനെ അറിയിച്ചു. പൊതുവേദിയില്‍ കെജ്രിവാള്‍ കൂടുതല്‍ പക്വത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടര്‍മാരെ കൈക്കൂലിക്ക് പ്രേരിപ്പിച്ചെന്നാണ് രണ്ടാം വിവാദപ്രസംഗത്തില്‍ കെജ്രിവാളിനെതിരെയുള്ള പരാതി. എന്നാല്‍, രാഷ്ട്രീയ സംശുദ്ധി ലക്ഷ്യമിട്ടാണ് തന്റെ പ്രസംഗമെന്നാണ് കെജ്രിവാളിന്റെ വിശദീകരണം. അദ്ദേഹത്തെ പിന്തുണച്ച് ജെ.ഡി.യു. നേതാവ് ശരത് യാദവും രംഗത്തെത്തി. രണ്ടാം വിവാദപ്രസംഗത്തില്‍ കമ്മീഷന്‍ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമല്ല.